അമ്പൂരി കൊലപാതകം; കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി പ്രതി അഖിൽ; വീട്ടിൽ നിന്നും വിഷം കണ്ടെത്തി

അമ്പൂരി കൊലക്കേസിൽ പ്രതി അഖിലിന്റെ വീട്ടിൽ നിന്നും വിഷം കണ്ടെത്തി. പൊലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫുരിഡാൻ കണ്ടെത്തിയത്.  കുടുംബം ആത്മഹത്യക്ക് തീരുമാനിച്ചിരുന്നതായി അഖിൽ പൊലീസിനോട് വ്യക്തമാക്കി. അതേസമയം, അഖിലിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതകം കഴിഞ്ഞുള്ള ദിവസങ്ങളിൽ കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോരനുമായ രാഹുൽ വീട്ടിൽ അസ്വസ്ഥനായിരുന്നു. ഇതേ തുടർന്ന് ജൂലൈ 20ന് അഖിലിനെ വീട്ടുകാർ നാട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആത്മഹത്യ ചെയ്യാനായി വിഷം വാങ്ങിവെച്ചു. പിന്നീട് തീരുമാനം മാറ്റി ക്യാംപിലേക്ക് മടങ്ങിപ്പോകുകയായിരുന്നുവെന്നും അഖിൽ വ്യക്തമാക്കി. പോകുന്നതിന് മുൻപ് അഖിൽ വീട്ടുകാരോട് എല്ലാം വെളിപ്പെടുത്തിയെന്നാണ് സൂചന.

അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് ചില നിർണായക വിവരങ്ങളും പുറത്തുവന്നു. കൊല്ലപ്പെട്ട രാഖിയുടെ മൃതദേഹം കടത്താൻ പ്രതികൾ ശ്രമിച്ചതായുള്ള വിവരമാണ് പുറത്തുവന്നത്. മൃതദേഹം ഡാമിൽ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. തമിഴ്‌നാട്ടിൽ കൊണ്ടുപോയി ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടി താഴ്ത്താൻ ആയിരുന്നു നീക്കമെന്നും വിവരമുണ്ട്. മൃതദേഹവുമായി ഉള്ള യാത്ര അപകടം ആകുമെന്ന് തോന്നിയതോടെ വീട്ടിൽ കുഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

ഒന്നാം പ്രതി അഖിലിനെ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ അമ്പൂരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. അഖിലിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top