രോഹിതുമായി പ്രശ്നങ്ങളുണ്ടെന്ന വാർത്ത അസംബന്ധമെന്ന് വിരാട് കോലി

രോഹിത്‌ ശർമയുമായി തർക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോലി. ചിലരുടെ ഭ്രമാത്മക ഭാവനകളും അസംബന്ധങ്ങളുമാണ്‌ ഈ വാർത്തകൾക്ക്‌ പിന്നിലെന്ന്‌ കോലി പറഞ്ഞു. വെസ്‌റ്റിൻഡീസ്‌ പര്യടനത്തിനായി ഇന്ത്യൻ ടീം പുറപ്പെടുന്നതിന്‌ മുമ്പായിരുന്നു ഇന്ത്യൻ നായകൻ്റെ പ്രതികരണം.

“അമ്പരിപ്പിക്കുന്ന കാര്യങ്ങളാണ്‌ പുറത്തുവരുന്നത്‌. അസംബന്ധങ്ങളാണിതൊക്കെ. ചിലർ നുണ പടർത്തുകയാണ്‌. എല്ലാ നല്ല കാര്യങ്ങളെയും മറച്ചുവച്ച്‌ ഭാവനയിൽതോന്നുന്ന കാര്യങ്ങൾ പടച്ചുവിടുന്നു”- കോലി പറഞ്ഞു. ലോകകപ്പിനുശേഷം കോലിയും വൈസ്‌ ക്യാപ്‌റ്റൻ രോഹിതും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു വാർത്തകൾ. ടീമിൽ ഇരുവർക്കും ഗ്രൂപ്പുകളുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായി.

“ഒരാളുമായി പ്രശ്‌നത്തിലാണെങ്കിൽ അതെന്റെ മുഖത്ത്‌ തെളിയും. അല്ലെങ്കിൽ പെരുമാറ്റത്തിൽ. ടീമിന്റെ വിജയത്തിൽ ഡ്രസിങ്‌ റൂമിലെ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്‌. തമ്മിലടിയുള്ള ഒരു സംഘത്തിൽ മികച്ച പ്രകടനങ്ങളുണ്ടാകില്ല. ഏഴാം റാങ്കിൽനിന്ന്‌ ഞങ്ങൾ ഇപ്പോൾ ഒന്നാം റാങ്കിലെത്തി. മറിച്ചാണെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. രോഹിതും ഞാനും തമ്മിൽ എപ്പോഴും നല്ല ബന്ധത്തിലാണ്‌”–കോലി വ്യക്തമാക്കി.

ഓഗസ്റ്റ്‌ മൂന്നിനാണ്‌ ഇന്ത്യയുടെ വിൻഡീസ്‌ പര്യടനം ആരംഭിക്കുന്നത്‌. മൂന്ന്‌ വീതം ഏകദിനവും ട്വന്റി–-20യും രണ്ട്‌ ടെസ്‌റ്റുമാണ്‌ പരമ്പരയിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top