വാണിജ്യ ബാങ്കുകളിലെ കര്‍ഷക വായ്പ മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും

വാണിജ്യ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകള്‍ക്കുള്ള മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും. മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമന്ന സംസ്ഥാന സര്‍ക്കാരിന്റേയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേയും ആവശ്യത്തിന് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയില്ല. ആര്‍ബിഐ അനുമതി നല്‍കിയില്ലെങ്കില്‍, നാളെ മുതല്‍ ജപ്തി നടപടികളിലേക്ക് നീങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയും.

വാണിജ്യ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത എല്ലാവായ്പകള്‍ക്കും ഡിസംബര്‍ 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രളയവും  വയനാട് ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ആദ്യം ഇതു അംഗീകരിക്കാന്‍ ബാങ്കുകള്‍ തയാറായില്ല. 2018 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രഖ്യാപിച്ച മോറട്ടോറിയം മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നായിരുന്നു ബാങ്കുകളുടെ വാദം.

എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗീകരിക്കുകയും അനുമതിക്കായി റിസര്‍വ് ബാങ്കിനു അയക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ റിസര്‍വ് ബാങ്ക് ഇതിനു അനുമതി നല്‍കിയില്ല. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഇന്നു അവസാനിക്കുകയും ചെയ്യും. ഇന്ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ലെങ്കില്‍ വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ ബാങ്കുകള്‍ക്ക് കഴിയും. വായ്പ പുനക്രമീകരിച്ചവയ്ക്ക് സ്വന്തം നിലയില്‍ മോറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top