വിചിത്രമായ ബൗളിംഗ് ആക്ഷനുമായി റൊമാനിയൻ താരം; യൂറോപ്യൻ ടി-10 ക്രിക്കറ്റ് ലീഗിലെ വൈറൽ വീഡിയോ

ലോകവ്യാപകമായി ക്രിക്കറ്റ് വ്യാപിപ്പിക്കുന്നതിനുള്ള ഐസിസിയുടെ ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യൻ ടി-10 ക്രിക്കറ്റ് ലീഗ് നടക്കുകയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നടത്തുന്ന ടൂർണമെൻ്റാണിത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻ്റിൽൽ ഇന്നലെ നടന്ന മത്സരം വിചിത്രമായ ഒരു ബൗളിംഗ് ആക്ഷൻ കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. റൊമാനിയൻ താരവും ക്ലൂഷ് ക്രിക്കറ്റ് ക്ലബിൽ അംഗവുമായ പാവേൽ ഫ്ലോറിൻ്റെ വിചിത്രമായ ബൗളിംഗ് ആക്ഷനാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

വിചിത്രമായ ആക്ഷനൊപ്പം തീരെ കൃത്യതയില്ലാത്ത ബൗളിംഗ് ആയിരുന്നു ഫ്ലോറിൻ്റേത്. ഒരു കൂറ്റൻ വൈഡ് കൊണ്ട് ബൗളിംഗ് ആരംഭിച്ച ഫ്ലോറിൻ തുടർച്ചയായി ഫുൾ ടോസുകളാണ് എറിഞ്ഞത്. പക്ഷേ, പന്തിലെ വേഗതയില്ലായ്മ മൂലം ബാറ്റ്സ്മാന്മാർക്ക് അത് അടിച്ചകറ്റാൻ സാധിച്ചില്ല. ഓവറിൽ 13 റൺസാണ് ഫ്ലോറിൻ വഴങ്ങിയത്. ഈ വീഡിയോ വളരെ വേഗം വൈറലായി. അപരിചിതമായ മത്സരമായിട്ടും കളിക്കാനും പന്തെറിയാനും ഫ്ലോറിൻ കാണിച്ച ആർജവം വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top