പൊലീസ് ജാഗ്രത പുലർത്താതിരുന്നതാണ് ചാവക്കാട് കൊലപാതകത്തിന് കാരണമായതെന്ന് രമേശ് ചെന്നിത്തല

തൃശൂർ ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്ന് കരുതുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശത്ത് നേരത്തെ തന്നെ സംഘർഷം നിലനിന്നിരുന്നിട്ടും പൊലീസ് ജാഗ്രത പാലിക്കാത്തതാണ് ക്രൂരമായ കൊലപാതകത്തിന് വഴി വച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ പുന്നയിൽ പുതിയ വീട്ടിൽ നൗഷാദ് (43) ഇന്ന് രാവിലെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം വൈകീട്ടാണ് നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്. ഏഴ് ബൈക്കുകളിലായി എത്തിയ പതിനഞ്ചംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here