സൗദിയിൽ മാസപ്പിറവി കണ്ടു; ആഗസ്റ്റ് ഒൻപതിന് ഹജ്ജ് കർമങ്ങൾ ആരംഭിക്കും

ഹജ്ജ് കർമങ്ങൾ ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കും. ഓഗസ്റ്റ് പത്തിന് അറഫാ സംഗമവും പതിനൊന്നിന് ബലിപെരുന്നാളും ആയിരിക്കുമെന്ന് സൗദി സുപ്രീംകോടതി അറിയിച്ചു.
സൗദിയിൽ ഇന്ന് മാസപ്പിറവി കണ്ടതിനാൽ ഹിജ്‌റ കലണ്ടർ പ്രകാരം നാളെ ദുൽഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ആഗസ്റ്റ് ഒമ്പതിന് വെള്ളിയാഴ്ച ഹജ്ജ് കർമങ്ങൾ ആരംഭിക്കും. ആഗസ്റ്റ് പത്ത് ശനിയാഴ്ചയായിരിക്കും ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം. പതിനൊന്ന് ഞായറാഴ്ച ബലിപെരുന്നാൾ. ആഗസ്റ്റ് പതിനാല് ബുധനാഴ്ച ഹജ്ജ് കർമങ്ങൾ അവസാനിക്കും.
മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമങ്ങൾ ആരംഭിക്കുക. ആഗസ്റ്റ് ഒമ്പതിന് ആരംഭിക്കുന്ന ഹജ്ജ് കർമങ്ങൾക്കായി ആഗസ്റ്റ് എട്ടിന് രാത്രി മുതൽ തീർഥാടകർ മിനായിലെ തമ്പുകളിൽ എത്തും. ഹജ്ജിനെത്തിയ ഭൂരിഭാഗം തീർഥാടകരും ഇപ്പോൾ മക്കയിലുണ്ട്. രണ്ട് ലക്ഷത്തോളം വിദേശ തീർഥാടകർ മദീനാ സന്ദർശനത്തിലാണ്. ഇവർ ഒരാഴ്ചക്കുള്ളിൽ ഹജ്ജിനുള്ള ഒരുക്കങ്ങളുമായി മക്കയിൽ എത്തും. പതിനെട്ട് ലക്ഷത്തോളം വിദേശ തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ പതിമൂന്നര ലക്ഷത്തോളം തീർഥാടകർ ഇതുവരെ സൗദിയിലെത്തി. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീർഥാടകരും ഇപ്പോൾ മക്കയിലാണ്. ആഗസ്റ്റ് ആറിനാണ് ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് അവസാനിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here