ശ്രീരാമന് ജയ് വിളിക്കേണ്ട സമയമാണിതെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്

ജയ് ശ്രീറാം വിളിക്കെതിരെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ ശ്രീരാമന് ജയ് വിളിക്കേണ്ട സമായമണിതെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. അരുത് കാട്ടാള എന്നാണ് രാമായണത്തിൽ പറയുന്നത്. എന്നാൽ ഇപ്പോഴും കാട്ടാളത്തം നിലനിൽക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. വാത്മീകി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശൂരിൽ രാമായണം ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീരാമന് ജയ് വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പൂർവ്വാധികം ശക്തിയോടെ ജയ് ശ്രീരാം വിളിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. ശ്രീരാമൻ ധാർമികതയുടെ പ്രതിരൂപമാണെന്നും അദ്ദേഹത്തിന് ജയ് വിളിക്കാൻ പോലും പറ്റാത്ത നിലയിൽ കാട്ടാളന്മാരായോ നമ്മളെന്ന് സംശയിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ജയ് ശ്രീറാം വിളിച്ചാണ് ജേക്കബ് തോമസ് വാക്കുകൾ ഉപസംഹരിച്ചത്. ഉത്തരേന്ത്യൻ നാടുകളിൽ ജയ് ശ്രീരാം വിളിച്ച് ആക്രമണവും കൊലപാതകവും നടത്തുന്നതിനെതിരെ സാംസ്‌കാരിക നായകർ രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസിന്റെ പ്രതികരണം.

ജേക്കബ് തോമസ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. നേരത്തേ ജേക്കബ് തോമസ് ബിജെപിയിലേക്ക് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ബിജെപി ദേശീയ സഹസംഘടന സെക്രട്ടറി ബി എൽ സന്തോഷുമായി പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ജേക്കബ് തോമസ് ചർച്ച നടത്തിയതായി വിവരമുണ്ടായിരുന്നു.
ആർഎസ്എസിന്റെ വേദികളിൽ ജേക്കബ് തോമസ് സജീവമാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More