ഗൾഫ് മേഖലയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും : വ്യോമയാന മന്ത്രി

ഗൾഫ് മലയാളികൾക്ക് ആശ്വാസം. ഉൽസവകാലത്ത് ഗൾഫ് മേഖലയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെ ഉറപ്പ്.തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിൽ കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ യോഗം ചേരും. കേരളത്തിൽ നിന്നുള്ള എം പിമാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഹർദീപ് സിംഗ് പുരി ഈ കാര്യം അറിയിച്ചത്.

ആഘോഷവേളയിൽ അന്താരാഷ്ട്ര വിമാനയാത്ര നിരക്ക് കുതിച്ചുയരുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേരളം ദീർഘനാളായി കേന്ദ്രത്തോട് ആവശ്യപ്പെട്ട് വരികയായിരുന്നു. നിരക്ക് വർധന ഗൾഫ് യാത്രക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൾഫിലേക്ക് ഉത്സവ കാലത്ത് കൂടുതൽ വിമാനസർവ്വിസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മന്ത്രി എം പിമാരെ അറിയിച്ചു.

കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ആഴ്ച്ചയിൽ 7 ദിവസമാക്കാനും യോഗത്തിൽ തീരുമാനമായി.തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിൽ കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്നും ഹർദീപ് സിംഗ് പുരി എം പിമാർക്ക് ഉറപ്പ് നൽകി.കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരനും യോഗത്തിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top