അമ്പൂരി കൊലപാതകം; യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കൾ എന്നിവ കണ്ടെത്തി

അമ്പൂരി കൊലപാതകത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കൾ എന്നിവയാണ് അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തത്. യുവതിയുടെ ഫോണിനും ഹാൻഡ് ബാഗിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പോലീസ് പത്ത് ദിവസം ആവശ്യപ്പെട്ടെങ്കിലും ആറ് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.പിന്നാലെ പ്രതികളുമായി പോലീസ് അമ്പൂരിയിലെ വീട്ടിലെത്തി. ആദ്യം അഖിലിനെ വീടിന്റെ പരിസരത്ത് എത്തിച്ചു. യുവതിയുടെ മൃതശരീരം കൊണ്ടു പോയ വഴി അഖിൽ വിശദീകരിച്ചു. പിന്നാലെ എത്തിയ ആദർശ് കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും, കുഴിയെടുക്കാൻ ഉപയോഗിച്ച പിക്കാസ്, മൺവെട്ടി, കമ്പി തുടങ്ങിയവ കാണിച്ചു കൊടുത്തു. വീടിന്റെ പരിസരത്ത് നിന്ന് രാഹുൽ കാണിച്ചു കൊടുത്ത യുവതിയുടെ ചെരുപ്പ് ആദർശ് തിരിച്ചറിഞ്ഞു.

നേരത്തെ അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പാൾ വലിയ പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ നാട്ടുകാർ പോലീസ് നടപടി തടസ്സപ്പെടുത്തിയില്ല. യുവതിയുടെ മൊബൈൽ ഫോൺ, ഹാൻഡ് ബാഗ് എന്നിവ പോലീസ് കണ്ടെടുത്തിട്ടില്ല.ഇവ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. നാളെ മറ്റിടങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തും.മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു കാര്യങ്ങളിൽ വ്യക്തത വരുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ അഖിലിന്റെ ബന്ധുക്കളുടെ പങ്കും പോലീസ് അന്വേഷിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top