പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഓഫീസിലെ ടൈലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. ജനൽ ചില്ലുകൾ തകർത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്.

ഇന്നലെ ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടിച്ച് തകർത്തത്. പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഉമ്മൻചാണ്ടിയുടെ അസൗകര്യത്തെ തുടർന്നാണ് ഉദ്ഘാടനം മാറ്റിയത്. ഓഫീസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്ത നിലയിലാണ്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിൽ നിന്ന് എസ്ഡിപിഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസിനെതിരെ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top