കേരള സർവകലാശാല സെനറ്റ്; ഗവർണർ ആർഎസ്എസ് സമ്മർദത്തിന് വഴങ്ങി പുറത്തുള്ളവരുടെ പേരുകൾ കൂട്ടിച്ചേർത്തെന്ന് സിപിഐഎം

കേരള സർവകലാശാല സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത പട്ടികയ്ക്ക് പുറമേ രണ്ടംഗങ്ങളെ നോമിനേറ്റ് ചെയ്ത ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഐഎം. പാനലിൽ നിന്ന് മതന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരെ തെരഞ്ഞു പിടിച്ച് ഒഴിവാക്കി സംഘപരിവാർ ആഭിമുഖ്യമുള്ള രണ്ട് പേരുകൾ ഗവർണർ കൂട്ടിച്ചേർത്തത് തികച്ചും വിചിത്രമായ നടപടിയാണെന്നും ആർഎസ്എസ് സമ്മർദത്തിന് വഴങ്ങിയാണ് ഗവർണറുടെ നടപടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
Read Also; എറണാകുളത്തെ ലാത്തിച്ചാർജ്; പരാതികൾ അന്വേഷിക്കാൻ സിപിഐയിൽ അന്വേഷണ കമ്മീഷൻ
സർവകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനൽ കേരള സർവകലാശാല വൈസ് ചാൻസിലർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഈ പാനലിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കമാണ് നിലവിലുള്ളത്. ഇതിന് വിരുദ്ധമായാണ് ആർഎസ്എസ് സമ്മർദത്തിന് വഴങ്ങി പാനലിന് പുറത്തുള്ള രണ്ടു പേരെ ഗവർണർ കൂട്ടിച്ചേർത്തിരിക്കുന്നത്.
സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിൽ നിക്ഷിപ്തമായ ചുമതലകളെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ഗവർണറുടെ ഉന്നത പദവിക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഈ നടപടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here