പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ‘മൊബൈൽ ഗെയിം കളിക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോൾ ഫോൺ പിടിച്ചുവെച്ചതിന്റെ വൈരാഗ്യമായിരിക്കാം തന്നോട്’: സുരേന്ദ്രൻ

എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ കുറ്റാരോപിതനായ ഡെപ്യൂട്ടി കമാന്റന്റ് എൽ സുരേന്ദ്രൻ.
താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഡിസി സുരേന്ദ്രൻ 24 നോട് പറഞ്ഞു. കുമാർ സ്ഥിരം മദ്യപാനിയെന്ന് സുരേന്ദ്രൻ പറയുന്നു. കുമാറിന്റെ ഭാര്യ തന്നോട് നേരിൽ വന്ന് പരാതി പറഞ്ഞിരുന്നു. മദ്യപിച്ച് നടന്ന് കുമാർ തന്റെ ജീവിതം നശിപ്പിച്ചെന്ന് സജിനി പറഞ്ഞിരുന്നു. മൊബൈൽ ഗെയിം കളിക്കുന്നുവെന്ന് പരാതി പറഞ്ഞപ്പോൾ ഫോൺ കുറച്ച് ദിവസം പിടിച്ച് വെച്ചിരുന്നു. ഇതിന്റ വൈരാഗ്യമായിരിക്കാം കുമാറിന് തന്നോടെന്ന് എൽ സുരേന്ദ്രൻ 24 നോട് പറയുന്നു,
കുമാറിനെ നേരിൽ കണ്ടത് നാല് തവണ മാത്രമാണെന്നും ജാതി വിവേചനമെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും താനും ദളിതനാണെന്നും ഡിസി സുരേന്ദ്രൻ പറയുന്നു.
കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഭാര്യ സജിനി നേരത്തെ 24നോട് പറഞ്ഞിരുന്നു. കുടുംബ പ്രശ്‌നമാണ് കുമാറിനെ മരണത്തിലേക്ക് നയിച്ചതെന്ന പ്രചരണം പൊളിഞ്ഞതിനാലാണ് പുതിയ നീക്കം. മൃതദേഹത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ടെന്നാണ് പലരും സംശയം പറഞ്ഞത്. കുമാറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ ഏതറ്റം വരെയും പോകുമെന്നും സജിനി 24 നോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here