‘ഇദ്ദേഹത്തെ ആജീവനാന്തം വിലക്കേണ്ടിയിരുന്നു’; സെഞ്ചുറിയിൽ വിറച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ അവിസ്മരണീയ സെഞ്ചുറിയുമായി ടീമിനെ കൈപിടിച്ചുയർത്തിയ സ്റ്റീവ് സ്മിത്തിനെ അഭിനന്ദിച്ചും വിമർശിച്ചും ഇംഗ്ലീഷ് മാധ്യമങ്ങൾ. ദി സൺ, മിറർ, ഡെയിലി എക്സ്പ്രസ് തുടങ്ങി ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന മാധ്യമങ്ങളൊക്കെ സ്മിത്തിൻ്റെ സെഞ്ചുറി വലിയ വാർത്തയാക്കി.

‘ഇദ്ദേഹത്തെ ആജീവനാന്തം വിലക്കേണ്ടിയിരുന്നു’ എന്ന തലക്കെട്ടുമായാണ് ‘ദി സൺ’ രംഗത്തെത്തിയത്. പന്ത് ചുരണ്ടൽ വിവാദത്തെ ഓർമപ്പെടുത്തിയ സൺ സ്മിത്തിനെ സാൻഡ് പേപ്പർ ചതിയൻ എന്നാണ് വിശേഷിപ്പിച്ചത്. ‘സ്റ്റാർ സ്പോർട്’ ഇംഗ്ലണ്ട് കാണികളെ പരോക്ഷമായി വിമർശിച്ചാണ് തലക്കെട്ട് നൽകിയത്. ‘ജസ്റ്റ് ടൂ ഗുഡ്’ (വളരെ മികച്ചത്) എന്ന വാക്യം ഇംഗ്ലണ്ട് കാണികളുടെ കൂവലിനെ ഓർമിപ്പിച്ച് ‘ജസ്റ്റ് ബൂ ഗുഡ്’ എന്നാക്കിയായിരുന്നു സ്റ്റാർ സ്പോർടിൻ്റെ പുകഴ്ത്തൽ. ‘എനിക്ക് പരുക്കൻ പെരുമാറ്റങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കും’ എന്ന തലക്കെട്ടോടെ മിററും ‘മണ്ണിൽ (സാൻഡ്) ഒരു വര വരച്ച് സ്മിത്ത്’ എന്ന തലക്കെട്ടോടെ ഡെയിലി എക്സ്പ്രസും ഇംഗ്ലീഷ് കാണികളെത്തന്നെയാണ് ഉന്നം വെച്ചത്.

ഒന്നര വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് സ്മിത്ത് വീണ്ടും വെള്ളക്കുപ്പായമണിഞ്ഞത്. പന്ത് ചുരണ്ടൽ വിവാദത്തിൽ ടീമിൽ നിന്നു വിലക്കപ്പെട്ട സ്മിത്തിനെ പരിഹസിച്ചു കൊണ്ടായിരുന്നു ഒട്ടേറെ ഇംഗ്ലീഷ് കാണികൾ മത്സരം കാണാനെത്തിയത്. സ്മിത്തിൻ്റെ പരിഹസിക്കുന്ന തരത്തിലുള്ള മുഖം മൂടികളും ടിഷർട്ടുകളും ധരിച്ച അവർ സാൻഡ് പേപ്പറുകളും ഇടക്കിടെ ഉയർത്തിക്കാണിച്ചിരുന്നു. ഇതൊക്കെ മറികടന്നായിരുന്നു സ്മിത്തിൻ്റെ സെഞ്ചുറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top