ടീം അംഗങ്ങളുടെ ചിത്രം പങ്കു വെച്ച് കോലി; രോഹിതെവിടെ എന്ന് ആരാധകർ

ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ ഏറെ നാളുകളായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തങ്ങൾക്കിടയിൽ പ്രശ്നമില്ലെന്ന് കോലി തന്നെ തുറന്നു പറഞ്ഞിട്ടും ആരാധകർ ഹാപ്പിയല്ല. ഇരുവർക്കുമിടയിലെ ശീതയുദ്ധം രൂക്ഷമാകുന്ന വാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രോഹിത് ശർമയില്ലാതെ ടീം അംഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത കോലിയാണ് അടുത്ത വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്.

‘സ്ക്വാഡ്’ എന്ന അടിക്കുറിപ്പോടെ വിൻഡീസിനെതിരെയുള്ള ടി-20 ടീം അംഗങ്ങളോടൊപ്പമുള്ള ചിത്രമാണ് കോലി ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ രവീന്ദ്ര ജഡേജ, നവദീപ്സെയ്നി, ഖലീൽ അഹ്മദ്, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ലോകേഷ് രാഹുൽ എന്നിവർക്കൊപ്പമാണ് കോലിയുടെ ചിത്രം. ചിത്രത്തിൽ ടീം അംഗങ്ങൾ എല്ലാവരും ഉൾക്കൊണ്ടിട്ടില്ലെങ്കിലും രോഹിത് ശർമ്മ എവിടെ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ട്വിറ്ററിൽ വളരെ വ്യാപകമായാണ് ഈ ട്വീറ്റ് പങ്കു വെക്കപ്പെടുന്നത്. എല്ലാവർക്കും അറിയേണ്ടത് കേൾക്കുന്ന വിവാദങ്ങളിൽ സത്യമുണ്ടോ എന്നതും. അതേ സമയം, ട്വീറ്റിൽ വന്ന ഒരു റിപ്ലെയിൽ ശിഖർ ധവാൻ, ഋഷഭ് പന്ത്, ഭുവനേശ്വർ കുമാർ, ശ്രേയാസ് അയ്യർ എന്നിവർക്കൊപ്പം നിൽക്കുന്ന രോഹിതിൻ്റെ ചിത്രവും പങ്കു വെക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം രോഹിത് ശർമ ചെയ്ത ഒരു ട്വീറ്റ് ഇരുവർക്കുമിടയിലെ മഞ്ഞുരുകിയിട്ടില്ല എന്ന സൂചന നൽകുന്നതായിരുന്നു. ‘താൻ കളിക്കുന്നത് ടീമിനു വേണ്ടി മാത്രമല്ല, രാജ്യത്തിനു കൂടി വേണ്ടിയാണെ’ന്ന രോഹിതിൻ്റെ ട്വീറ്റാണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിലേക്ക് സൂചന നൽകിയത്. കോലിയും രവി ശാസ്ത്രിയും പ്രിയപ്പെട്ട കളിക്കാരും ചേർന്ന ഒരു സംഘം ടീമിൽ ഉണ്ടെന്ന റിപ്പോർട്ടുകളെ ശരി വെക്കുന്ന ട്വീറ്റാണ് രോഹിത് നടത്തിയിരിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്വിറ്റർ ചർച്ച.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top