എംഎൽഎമാരുടെ ഫണ്ട് വിനിയോഗം; കർശന നടപടിയുണ്ടാകുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

നിയമസഭ സാമാജികരുടെ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാത്തത് സംബന്ധിച്ച് കർശന നടപടിയുണ്ടാകുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ആളുകൾക്കെതിരെ സാമാജികരുടെ പ്രിവിലേജ് പ്രശ്നമായി കണ്ട് നടപടിയെടുക്കുമെന്ന് സ്പീക്കർ മലപ്പുറത്ത് പറഞ്ഞു
എംഎൽഎമാരുടെ വികസന ഫണ്ടുകളുപയോഗിച്ച് അടിയന്തര പ്രാധാന്യത്തോടെ നടത്തുന്ന പ്രവർത്തികൾ സമയബന്ധിതമായി തീർക്കാത്തതിൽ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി തലം മുതൽ തന്നെ ഇവ പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ പുരോഗതി ഇല്ലാതെ വന്നതോടെയാണ് ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധികൾ അവലോകന യോഗം ചേരുന്നത്. ആദ്യഘട്ടത്തിൽ സ്പീക്കറുടെ മണ്ഡലമായ പൊന്നാനിയിലെ വീഴ്ചകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇത് സംബന്ധിച്ച അവലോകന യോഗം സ്പീക്കറുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്നു.
ജില്ലയിലെ മറ്റു എംഎൽഎമാരുടെ അവലോകന യോഗങ്ങളും ഇതിന് തുടർച്ചയായി ചേരും. ഫണ്ട് അനുവദിച്ചു കഴിഞ്ഞാൽ ഉടൻ നടപ്പാക്കാത്ത പക്ഷം ഉത്തരവാദികളെ കണ്ടെത്തി നിയമസഭയോടുള്ള അവഹേളനമായി കണ്ട് ശക്തമായ നടപടി എടുക്കാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here