അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും ജമ്മുകശ്മീരില്‍ നിന്ന് മടങ്ങണമെന്ന് സര്‍ക്കാര്‍

അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യമിട്ടെന്ന വിവരത്തെ തുടര്‍ന്ന് ജമ്മു കാശ്മീരും പഞ്ചാബും കനത്ത സുരക്ഷയില്‍. അമര്‍നാഥ് തീര്‍ത്ഥാടകരോടും മറ്റ് വിനോദ സഞ്ചാരികളോടും ജമ്മുകശ്മീരില്‍ നിന്ന് മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ നിന്ന് ഒരു പാകിസ്ഥാന്‍ പൗരനെ സിആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ജനങ്ങളില്‍ ഭീതി പരത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ആര്‍ട്ടിക്കിള്‍ 35 (എ) എടുത്തു കളയാനുള്ള നീക്കം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.

പാകിസ്ഥാന്‍ നിര്‍മ്മിത കുഴിബോംബുകളും മറ്റ് ആയുധങ്ങളും അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളില്‍ തങ്ങിയിരിക്കുന്ന സഞ്ചാരികള്‍ വേഗത്തില്‍ മടങ്ങണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശ്രീനഗര്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങണമെന്ന നിര്‍ദേശം നല്‍കി. വിമാന കമ്പനികളോട് കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങാനും നിര്‍ദേശമുണ്ട്. സുരക്ഷയൊരുക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി മുപ്പത്തിയെട്ടായിരം സൈനീകരെയാണ് അധികമായി ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫ് ജമ്മു മേഖലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ സോഫിയാന്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരവാദിയെ കൊലപ്പെടുത്തി. ഈ മാസം 15നാണ് അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top