ഹസൻ അലിയുടെ വിവാഹം ഇന്ത്യൻ യുവതിയുമായിത്തന്നെ; ദുബായിൽ വെച്ച് ചടങ്ങുകൾ നടക്കുമെന്ന് താരത്തിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ യുവതിയുമായി വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ ശരി വെച്ച് പാക്ക് പേസർ ഹസൻ അലി. ദുബായിൽ വെച്ച് ഇന്ത്യൻ സ്വദേശിനിയായ ഷാമിയ അർസുവുമായുള്ള വിവാഹം നടക്കുമെന്നാണ് ഹസൻ അലി അറിയിച്ചിരിക്കുന്നത്. വിവരം രഹസ്യമാക്കി വെക്കാനാണ് ആഗ്രഹിച്ചതെന്നും പുറത്തായ സാഹചര്യത്തിൽ വിവാഹത്തെപ്പറ്റിയുള്ള ഉറപ്പ് നൽകുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 20നായിരിക്കും വിവാഹം.
ഒരു വർഷം മുൻപ് ദുബായിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളർന്ന ആ ബന്ധമാണ് വിവാഹത്തിലെത്തിയത്. ഹരിയാന സ്വദേശിനിയാണ് ഷാമിയ അർസൂ. ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസിക്കുന്നത്. ബന്ധുക്കളൊക്കെ ന്യൂഡൽഹിയിലാണ്.
നേരത്തെ, കല്യാണത്തെപ്പറ്റി ഉടൻ അറിയിക്കാമെന്ന് ഹസൻ അലി ട്വീറ്റ് ചെയ്തിരുന്നു. പാക്ക് മാധ്യമം ജിയോ ന്യൂസിൻ്റെ റിപ്പോർട്ടുകൾക്ക് പിന്നാലെ വിവാഹത്തെപ്പറ്റിയുള്ള സാധ്യതകൾ അറിയിച്ച ഹസൻ ആണ് ഇപ്പോൾ സ്ഥിരീകരണവുമായി എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here