‘അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം സംയമനം പാലിക്കുന്നത് ഭീരുത്വമായി കാണേണ്ട’; കെ സുധാകരന്‍ എംപി

അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും സംയമനം പാലിക്കുന്നത് ഭീരുത്വമായി കാണേണ്ടെന്നും കെ സുധാകരന്‍ എംപി.  കൊലപാതക കേസുകള്‍ കൂടിവരുന്നതില്‍ നിന്ന് കോടതിക്ക് മാറി നില്‍ക്കാനാവില്ലെന്നും നൗഷാദ് കൊലക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചാവക്കാട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കൊലപാതകക്കേസില്‍ പ്രതികളെ പിടികൂടാനാകാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ചാണ് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഭീഷണിപ്പെടുത്തി വശത്താക്കാമെന്ന മോഹം എസ്ഡിപിഐക്ക് വേണ്ടെന്നും തിരിച്ചടിക്കേണ്ടി വന്നാല്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

കൊലപാതക കേസുകള്‍ കൂടിവരുന്നതില്‍ നിന്ന് കോടതിക്ക് മാറി നില്‍ക്കാനാവില്ല. യഥാര്‍ത്ഥ ശിക്ഷ നല്‍കിയാല്‍ കൊലപാതകം കുറയും. എന്നാല്‍ ഷുഹൈബ് കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന വിധി വായിച്ചപ്പോള്‍ വെളിപാടില്ലാത്ത പോലെയാണ് തോന്നിയതെന്നും സുധാകരന്‍ പറഞ്ഞു.

മാര്‍ച്ച് അക്രമാസക്തമായേക്കും എന്ന വിവരത്തിന്റെയടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ സ്റ്റേഷന് സമീപം പൊലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. ചില പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ടു ഇവരെ പിന്തിരിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top