വിവാദ പരാമര്‍ശം; ജസ്റ്റിസ് വി ചിദംബരേഷിനെതിരെ ജനകീയ ജനാധിപത്യ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു

എറണാകുളത്ത് ജസ്റ്റിസ് വി ചിദംബരേഷിനെതിരെ ജനകീയ ജനാധിപത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്രാഹ്മണ സമ്മേളനത്തില്‍ സാമ്പത്തിക സംവരണ സമരാഹ്വാനം നടത്തിയ ജസ്റ്റിസ് വി ചിദംബരേഷിനെതിരെ നടപടിയെടുക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൊച്ചിയില്‍ തമിഴ് ബ്രാഹ്മണ ആഗോള സംഗമത്തിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പരാമര്‍ശം. ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പ്രതിഷേധവുമായി ബ്രാഹ്മണര്‍ മുന്നോട്ടുവരണമെന്നായിരുന്നു പ്രസംഗത്തില്‍. വിവാദ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ചിദംബരേഷിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ജനകീയ ജനാധിപത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ജാതിമേല്‍ക്കോയ്മ വാദത്തെയും സാമ്പത്തിക സംവരണത്തെയും പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. സണ്ണി.എം. കപിക്കാട്, കെകെ കൊച്ച്, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന തമിഴ് ബ്രാഹ്മിണ്‍ ഗ്ലോബല്‍ മീറ്റിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ വിവാദ പ്രസംഗം. ജാതി സംവരണം ബ്രാഹ്മണ സമുദായത്തോട് ചെയ്യുന്ന അനീതിയാണെന്ന് പറഞ്ഞ ജസ്റ്റിസ് ചിദംബരേഷ് സാമ്പത്തിക സംവരണത്തിനായി സമുദായം ശബ്ധമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനാ പദവി വഹിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ആവില്ലെന്നും പൂര്‍വ്വ ജന്മ സുകൃത്യമുള്ളവരായാണ് ബ്രാഹ്മണര്‍ എല്ലാ സദ് ഗുണങ്ങളും ഒത്തുചേരുന്നവരാണെന്നും സമുദായത്തെ പാര്‍ശ്വവത്ക്കരിക്കാന്‍ അനുവദിക്കരുതെന്നും തുടങ്ങിയ പ്രസംഗം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here