മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്ത് വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി സെക്ഷൻ 304 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൽപസമയത്തിന് ശേഷം ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ശ്രീറാമിനെ ഇന്നു തന്നെ മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കിയേക്കും.

സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പൊലീസ് ശ്രമം നടത്തുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പല കാര്യങ്ങളിലും പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. വിഷയത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ശക്തമായ ഇടപെടൽ നടത്തിയതോടെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. അതിനിടെ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയും ഇക്കാര്യം പൊലീസിനോട് വ്യക്തമാക്കി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എട്ട് പേജോളം വരുന്ന മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. യുവതിയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്. യുവതിക്ക് ലൈസൻസില്ല എന്ന വിവരവും അതിനിടെ പുറത്തുവന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top