മാധ്യമപ്രവർത്തകന്റെ മരണം; വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും ദൃക്‌സാക്ഷികളും ഇക്കാര്യം സ്ഥിരീകരിച്ചു.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു വെങ്കിട്ടരാമൻ എന്നാണ് വിവരം. ശ്രീറാമിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് വാഹനമോടിച്ചത് വെങ്കിട്ടരാമൻ തന്നെയാണ് എന്നതിലേക്കാണ്. ഡ്രൈവിംഗ് സീറ്റിൽ ശ്രീറാം വെങ്കിട്ടരാമനെ കണ്ടവരുണ്ട്.

അതേസമയം, മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ് തയ്യാറായില്ല. ശ്രീറാമിന്റെ രക്ത സാമ്പിൾ പരിശോധനക്ക് എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ജനറൽ ആശുപത്രിയിൽ നിന്ന് റെഫർ ചെയ്തത് മെഡിക്കൽ കോളേജിലേക്കാണ്. എന്നാൽ ശ്രീറാം തന്റെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇക്കാര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് വിവരം.

ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.

പിന്നീട് മാധ്യമ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് പൊലീസ് കാറിലുണ്ടാിരുന്ന സ്ത്രീയെ വിളിക്കാൻ തയ്യാറായത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top