കേരള സര്‍വകലാശാലാ സെനറ്റ് നാമ നിര്‍ദേശം; നിലപാട് കടുപ്പിച്ച് സിപിഐഎം

കേരള സര്‍വകലാശാലാ സെനറ്റിലേറ്റ് നാമനിര്‍ദേശം ചെയ്ത പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നു. പകരക്കാരായി സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരെ നിയമിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേരള ഗവര്‍ണറായി നിയമിക്കപ്പെട്ട ജസ്റ്റിസ് പി സദാശിവം വിരമിക്കാന്‍ തുച്ഛമായ മാസങ്ങള്‍ മാത്രം ശേഷിക്കെ, സംസ്ഥാന സര്‍ക്കാരുമായുള്ള ബന്ധം ഉലയുകയാണ്. ബിജെപി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറായിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നു ജസ്റ്റിസ് പി സദാശിവം.

രാഷ്ട്രീയക്കൊലപാതകങ്ങളിലടക്കം പല വിഷയത്തിലും ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് സംസ്ഥാന ബിജെപി – സംഘപരിവാര്‍ നേതാക്കളെ നിരാശപ്പെടുത്തുന്നതായിരുന്നു.
സമീപകാലത്തുയര്‍ന്ന യൂണിവേഴ്‌സിറ്റി വിഷയത്തിലടക്കം ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെതിരെ എബിവിപി ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംസ്ഥാന സംഘപരിവാറില്‍ ഒരു വിഭാഗത്തിന്റെ അതൃപ്തി തുടരുന്നതിനിടെയാണ്, ഗവര്‍ണറുടെ പുതിയ നിലപാട്.

മതിയായ യോഗ്യതകളില്ലെന്ന് ചൂണ്ടിക്കാട്ടി പട്ടികയില്‍ നിന്ന് രണ്ടു പേരെ ഒഴിവാക്കിയതിനു പുറമേ, പട്ടികക്ക് പുറത്തുള്ളവരെ, അതും സംഘപരിവാര്‍ ബന്ധമുള്ളവരെ നിയമിച്ചതിലൂടെ ഗവര്‍ണര്‍ ചാന്‍സലറുടെ ചുമതല ദുരുപയോഗം ചെയ്തുവെന്നാണ് സിപിഎം ആക്ഷേപം.
മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞുപിടിച്ചു ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള നിയമിച്ചതിലൂടെ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ വഴങ്ങിയെന്ന വളരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ സിപിഎം ഉന്നയിച്ചിച്ചിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ തുറന്ന പോരിലേക്ക് കടക്കുകയാണ് സിപിഎം.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top