ആമിറിനു പിന്നാലെ വഹാബ് റിയാസും ടെസ്റ്റ് മതിയാക്കുന്നു

മുഹമ്മദ് ആമിറിനു പിന്നാലെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങി വഹാബ് റിയാസും. ക്രിക്കറ്റ് ബോർഡിനോട് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. ദുനിയ ന്യൂസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

നിലവിൽ കാനഡ ഗ്ലോബൽ ടി-20യിൽ ബ്രാംപ്ടൻ വോൾവ്‌സിനു വേണ്ടി കളിക്കുകയാണ് വഹാബ്. ലീഗ് കഴിഞ്ഞയുടൻ ഇക്കാര്യത്തിൽ വഹാബ് ഔദ്യോഗിക വിശദീകരണം നൽകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 34കാരനായ വഹാബ് റിയാസ് കൂടി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതോടെ പാക്കിസ്ഥാൻ പുതിയ ബൗളർമാരെ വെച്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കേണ്ടി വരും.

27 മത്സരങ്ങളിൽ നിന്നായി 83 വിക്കറ്റുകളെടുത്ത വഹാബ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.

നേരത്തെ, ടെസ്റ്റിൽ നിന്നു വിരമിച്ച ആമിറിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ രംഗത്തു വന്നിരുന്നു. 27ാം വയസ്സില്‍ തന്നെ ടെസ്റ്റ് മതിയാക്കി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ കൂടുതല്‍ കളിക്കുകയെന്ന തീരുമാനമെടുത്ത ആമിറിനേക്കാള്‍ വലിയ വിഡ്ഢിയുണ്ടാവുമോയെന്നാണ് അക്തര്‍ തുറന്നടിച്ചത്. വാതുവയ്പ് വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട ആമിറിനെ ക്രിക്കറ്റിലേക്കു തിരിച്ചു കൊണ്ടു വന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ്. ഇതിനുള്ള നന്ദി കാണിക്കേണ്ട സമയമാണ് അദ്ദേഹത്തിന് ഇതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. പക്ഷെ അതിന് ശ്രമിക്കാതെ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള ആമിറിന്റെ തീരുമാനം നന്ദികേടാണെന്നും അക്തര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top