ആഷസ്: സ്മിത്ത് വീണ്ടും; ഓസ്ട്രേലിയക്ക് 34 റൺസ് ലീഡ്

ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം അമ്പയർമാർ നേരത്തെ കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 124 എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിനെക്കാൾ 34 റൺസ് മുന്നിൽ. ഒരിക്കൽ കൂടി സ്റ്റീവൻ സ്മിത്ത് ക്രീസിൽ ഉറച്ചു നിന്നതാണ് ഓസീസിനെ തുണച്ചത്. 46 റൺസെടുത്ത സ്മിത്തിനു പിന്തുണയായി 21 റൺസെടുത്ത ട്രെവിസ് ഹെഡും ക്രീസിലെത്തി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 49 റൺസ് കൂട്ടുകെട്ട് ഉയർത്തിയിട്ടുണ്ട്.
ജെയിംസ് ആൻഡേഴ്സണിൻ്റെ അഭാവത്തിലും മനോഹരമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളർമാർ ഓസീസ് ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. വാർണറെ (8) വിക്കറ്റ് കീപ്പർ ജോണി ബെയസ്റ്റോയുടെ കൈകളിലെത്തിച്ച സ്റ്റുവർട്ട് ബ്രോഡാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ടെസ്റ്റിൽ ബ്രോഡിൻ്റെ 450ആമത്തെ ഇരയായിരുന്നു വാർണർ. പിന്നാലെ മൊയീൻ അലിയുടെ പന്തിൽ ജോസ് ബട്‌ലർ പിടിച്ച് കാമറൺ ബാൻക്രോഫ്റ്റ് കൂടി പുറത്തായതോടെ ഓസ്ട്രേലിയയുടെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരിച്ചെത്തി.
തുടർന്ന് മൂന്നാം വിക്കറ്റിൽ സ്നമിത്തും ഖവാജയും ചേർന്ന് 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെൻ സ്റ്റോക്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 റൺസെടുത്ത ഖവാജയെ സ്റ്റോക്സ് ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു. തുടർന്നാണ് സ്മിത്തിനൊപ്പം ട്രെവിസ് ഹെഡ് ക്രീസിലുറച്ചത്.
നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിനു മറുപടിയായി ഇംഗ്ലണ്ട് 374 റൺസാണ് എടുത്തത്. റോറി ബേൺസ് (133), ജോ റൂട്ട് (57), ബെൻ സ്റ്റോക്സ് (50) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇംഗീഷ് ബാറ്റിംഗിൽ നിർണ്ണായകമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here