വെള്ളപ്പൊക്കത്തിൽ വഡോദരയിലെ റോഡുകളിലേക്ക് ഒഴുകിയെത്തിയത് മുതലകൾ

ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജനങ്ങളെ ദുരിതത്തിലാക്കി മുതല ശല്യവും. വഡോദരയിലെ വിശ്വാമിത്രി നദി കരകവിഞ്ഞതാണ് മുതലകൾ നാട്ടിലേക്കെത്താൻ കാരണമായത്. വഡോദരയിൽ പല പ്രധാന റോഡുകളിൽ നിന്നും മുതലകളെ പിടികൂടി. ശനിയാഴ്ച മാത്രം വഡോദരയിൽ നിന്ന് ഏഴ് മുതലകളെയാണ് വനംവകുപ്പ് അധികൃതർ പിടികൂടിയത്. ഒരു മുതലയെ റോഡിൽ വാഹനം കയറി ചത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്.

വഡോദരയിൽ കഴിഞ്ഞ ദിവസം വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന വളർത്തുനായയെ വെള്ളത്തിലൂടെ ഒഴുകിയെത്തിയ മുതല ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്‌ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നായയെ ആക്രമിക്കാൻ വന്ന മുതലയെ തുടർന്ന് നാട്ടുകാർ ചേർന്ന് പിടികൂടി.

തുടർന്ന് വേറെ പലയിടത്തും മുതലകളെ കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗറിലെ വദ്‌സറിൽ നിന്ന് പത്തടിനീളമുള്ള മുതലയെ കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top