പരമ്പര പിടിക്കാൻ ഇന്ത്യ ഇറങ്ങുന്നു; രണ്ടാം ടി-20 ഇന്ന്

വിൻഡീസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്നലെ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഈ കളി കൂടി വിജയിച്ച് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് മത്സരം.
ആദ്യ മത്സരത്തിൽ ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അതുകൊണ്ട് തന്നെ അക്കാര്യത്തിൽ ഇന്ത്യക്ക് തലവേദനയില്ല. എന്നാൽ ബാറ്റിംഗിലെ പരാജയം ടീമിനെ ചിന്തിപ്പിച്ചേക്കും. ഋഷഭ് പന്തിൻ്റെ അശ്രദ്ധമായ ബാറ്റിംഗ് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. പക്ഷേ, ഒരു മത്സരത്തിലെ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ടീം ഇലവൻ മാറാൻ സാധ്യത കാണുന്നില്ല.
ആദ്യ മത്സരത്തിൽ ഇന്ത്യ നാലു വിക്കറ്റിനാണ് ജയിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 24 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here