സംഘർഷ സാധ്യത; ഇർഫാൻ പഠാൻ ഉൾപ്പെടെ 100 ക്രിക്കറ്റ് താരങ്ങളോട് കശ്മീർ വിടാൻ നിർദേശം

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള 100 ക്രിക്കറ്റ് താരങ്ങളോട് ജമ്മു കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് തുറ്റങ്ങിയവരോടാണ് സുരക്ഷ മുന്‍ നിര്‍ത്തി സംസ്ഥാനം വിടാൻ കേന്ദ്രം ആവശ്യപ്പെട്ടത്.

കശ്മീര്‍ താഴ്വര അസ്വസ്ഥമാകുന്നത് മുൻ നിർത്തിയാണ് നിർദ്ദേശം. ജമ്മുകശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ കളിക്കാരനും, മെന്ററുമാണ് പഠാന്‍. ടീമും, കോച്ചുമടക്കം മുഴുവൻ ആളുകളും ഇന്ന് തന്നെ കശ്മീര്‍ വിടുമെന്ന് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആഷിഖ് ഹുസൈൻ ബുഹാരി അറിയിച്ചു. കശ്മീർ സ്വദേശികളല്ലാത്ത സെലക്ടർമാരും കശ്മീർ വിടും.

ഇതിനോടകം തന്നെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിൽ ക്യാമ്പ് ചെയ്തിരുന്ന നൂറിലധികം കളിക്കാരെ പറഞ്ഞയച്ചു കഴിഞ്ഞു. എന്താണ് സംഭവിക്കുക എന്നറിയില്ലെന്നും കാര്യങ്ങൾ നേരെയാകുന്നതു വരെ ക്രിക്കറ്റിംഗ് പരിപാടികൾ മാറ്റി വെച്ചിരിക്കുകയാണെന്നും ആഷിഖ് ഹുസൈൻ പറഞ്ഞു.

ജമ്മു കശ്മീര്‍ ക്രിക്കറ്റിന് ഇത് വലിയ തിരിച്ചടിയാണ്. പ്രാദേശിക മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് അവരോട് സംസ്ഥാനം വിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആഗസ്റ്റ് 17നാണ് ദുലീപ് ട്രോഫി ആരംഭിക്കുക. ശേഷം വിജയ് ഹസാരെ ട്രോഫിയും ഡിസംബർ ഒൻപതിന് രഞ്ജി മത്സരങ്ങളും ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top