ബഷീറിന്റേത് കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്ന് സിറാജ് പ്രതിനിധികൾ

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റേത് കൊലപാതകമെന്ന് സിറാജ് പത്രം പ്രതിനിധികൾ. ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റു ചെയ്യണമെന്നും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്നും പ്രതിനിധികൾ പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു മരിച്ച കെ എം ബഷീർ.
ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റു ചെയ്യണം
ശ്രീറാം വെങ്കിട്ടരാമൻ തന്റെ സുഹൃത്തുക്കൾ എവിടെയുണ്ടെന്ന് നോക്കിയാണ് ചികിത്സ തേടിയത്. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും രക്തസാമ്പിളെടുക്കാൻ തയ്യാറാകാത്തതിൽ സംശയമുണ്ട്. ശ്രീറാം തന്റെ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ശ്രീറാമിനെ ഒരു കാരണവശാലും കിംസിൽ തുടരാൻ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. ബഷീറിന് നീതി ലഭിക്കണം. അല്ലാത്ത പക്ഷം പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സിറാജ് പ്രതിനിധികൾ പറഞ്ഞു.
അതിനിടെ ശ്രീറാം വെങ്കിട്ടരാമന് കിംസ് ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എ സി ഡിലക്‌സ് റൂമിൽ ടിവി അടക്കമുള്ള സൗകര്യങ്ങളാണ് ശ്രീറാം ആസ്വദിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ശ്രീ റാമിനില്ല.
കിംസ് ആശുപത്രിയിലെ ഒമ്പതാം നിലയിൽ എ സി ഡീലക്‌സ് റൂമിലാണ് ശ്രീറാം ചികിത്സയിലുള്ളത്. വാർത്തയ്ക്കും വിനോദത്തിനും ടി വി അടക്കം അത്യാധുനിക സൗകര്യങ്ങൾ. ആവശ്യമെങ്കിൽ ഫോൺ ഉപയോഗിക്കാം. സോഷ്യൽ മീഡിയയടക്കം ശ്രീറാം നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. സുഹൃത്തുക്കളുമായി ശ്രീറാം നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ട്. മെഡിക്കൽ കോളേജിൽ ശ്രീറാമിന്റെ ഒപ്പം പഠിച്ചവരും, പരിചയക്കാരായ ഡോക്ടർമാരുമാണ് ഇയാളെ ചികിത്സിക്കുന്നത്. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ മരുന്ന് കഴിച്ചിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്.
കൈക്ക് നിസാര പരിക്കു മാത്രമാണ് ശ്രീറാമിനുള്ളതെന്നാണ് വിവരം. റിമാൻഡ് ചെയ്ത പ്രതികൾക്ക് ചികിത്സ വേണമെങ്കിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. അതീവ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരാൻ അനുവദിക്കുക. എന്നാൽ ശ്രീറാമിന് വേണ്ടി പൊലീസും ഡോക്ടർമാരും ഒത്തു കളിച്ചു. ആശുപത്രിയിൽ തുടർന്നുകൊണ്ടു തന്നെ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ശ്രീറാമിന്റെ നീക്കം. നാളെ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here