ഇനി ‘ട്രെയിൻ ഹോസ്റ്റസും’; അടിമുടി മാറാനൊരുങ്ങി റെയിൽവേ

ട്രെയിൻ യാത്ര സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളുമായി റെയിൽവേ. വിമാനത്തിലെ എയർഹോസ്റ്റസുകളെപ്പോലെ ട്രെയിനിലും ജീവനക്കാരെ നിയോഗിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഇവര്‍ സഹായിക്കും. സ്വകാര്യ സഹകരണത്തോടനുബന്ധിച്ച് റെയിൽവേ കൊണ്ടു വരാനുദ്ദേശിക്കുന്ന മാറ്റങ്ങളിൽ പെട്ടതാണിത്.
യാത്രക്കാരനെ വീട്ടില്‍ നിന്നു റെയില്‍വേ സ്‌റ്റേഷനിലെത്തിക്കാന്‍ വാഹനവും അറ്റന്‍ഡറുമാണ് മറ്റൊരു പരിഷ്‌കാരം. കോച്ചിന്റെ വാതില്‍ വരെ അറ്റന്‍ഡര്‍ യാത്രക്കാരനെ അനുഗമിക്കും. വാതിൽക്കൽ നിന്നാവും ട്രെയിനിലെ ജീവനക്കാർ യാത്രക്കാരനെ ഏറ്റെടുക്കും. ഇതിനോടൊപ്പം സൗജന്യ ലഘുഭക്ഷണവും വെള്ളവും ട്രോളിയിൽ സീറ്റിനടുത്തെത്തും. ട്രെയിൻ ഏറെ വൈകിയാൽ ഒരു നേരത്തെ ഭക്ഷണവും സൗജന്യമായി ലഭിക്കും. ബ്രാൻഡഡ് ഇലക്ട്രോണിക് ഉൽപന്നങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങാൻ ട്രെയിനിനകത്തു ഷോപ്പിങ് സൗകര്യം ഉണ്ടായിരിക്കും. സെമി സ്ലീപ്പർ ലക്ഷ്വറി സീറ്റുകളും വിമാനത്തിലേതു പോലെ വൃത്തിയുള്ള ബയോ ശുചിമുറികളും ട്രെയിനുകളിൽ സ്ഥാപിക്കും. ഒപ്പം പാർട്ടി, മീറ്റിങ് എന്നിവ നടത്താൻ മുറികളുമുണ്ടാവും.
സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്‌നൗ- ന്യൂഡല്‍ഹി തേജസ് എക്‌സ്പ്രസ് ഐആര്‍സിടിസിക്കു കൈമാറാനൊരുങ്ങുകയാണ്. 25 റൂട്ടുകളിലായി 100 ട്രെയിന്‍ ഇത്തരത്തില്‍ ഓടിക്കാനാണു പദ്ധതി. ഇത്തരം ട്രെയിനുകള്‍ക്ക് പ്രത്യേക കോച്ചുകള്‍ നിര്‍മിക്കും. ഇതിന് പുറമേയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here