ശ്രീറാം വെങ്കിട്ടരാമനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർവീസ് നിയമമനുസരിച്ച് ശ്രീറാമിനെ സസ്‌പെൻഡ് ചെയ്യേണ്ട സമയപരിധി പിന്നിട്ടുകഴിഞ്ഞു.
Read Also; ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് മാറ്റി
ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് വളഞ്ഞ മാർഗത്തിലൂടെ രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ
നീക്കങ്ങൾ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അപകടത്തിനുശേഷം ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കാതിരിക്കാൻ പൊലിസ് നടത്തിയ ശ്രമങ്ങളെക്കുറിച്ചു വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ അക്കാര്യത്തെക്കുറിച്ച് ഉടൻ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാകണം.
Read Also; മാധ്യമപ്രവർത്തകന്റെ മരണം; ആദ്യ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്
സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവർത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉൾക്കൊണ്ടുള്ള നടപടികൾ സർക്കാരിൽ നിന്നുണ്ടായേ തീരൂ. പേരിന് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യം കിട്ടി പുറത്തുചാടാനുള്ള ശ്രീറാമിന്റെ കുത്സിതനീക്കങ്ങൾ സാധാരണക്കാർക്കിടയിൽ പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here