ഡ്രൈവറില്ലാതെ കാർ സ്വയം പാർക്ക് ചെയ്തു; ത്രില്ലടിച്ച് സച്ചിൻ: വീഡിയോ

ഡ്രൈവറില്ലാക്കാര്‍ പോര്‍ച്ചില്‍ സ്വയം പാര്‍ക്ക് ചെയ്യുന്ന സന്തോഷത്തില്‍ ത്രില്ലടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ തെണ്ടുൽക്കർ. ട്വിറ്ററില്‍ സച്ചിന്‍ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

‘വളരെ സ്പെഷ്യലായ ഒരു കാര്യമാണ് നിങ്ങളെ ഇന്ന് കാണിക്കാന്‍ പോകുന്നത്. നോക്കൂ, കാര്‍ സ്റ്റാര്‍ട്ടാണ്. പക്ഷേ ഡ്രൈവര്‍ സീറ്റില്‍ ആരുമില്ല. ഈ കാറ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നാണ് ഞാന്‍ നോക്കുന്നത്. ഡ്രൈവറില്ലാത്ത എന്റെ ആദ്യ പാര്‍ക്കിങ് ശ്രമമാണിതെന്ന്’ താരം വിഡിയോയില്‍ പറയുന്നു.

വീഡിയോയിൽ സ്വയം ഡ്രൈവ് ചെയ്യുന്ന കാറില്‍ ഇരുന്നപ്പോള്‍ മിസ്റ്റര്‍ ഇന്ത്യ സിനിമയിലെ അനില്‍ കപൂറിനെ തനിക്ക് ഓര്‍മ്മ വന്നെന്നും ഒരു നിമിഷം മിസ്റ്റര്‍ ഇന്ത്യ കാറിന്റെ നിയന്ത്രണം ഏറ്റെടുത്തതാണോയെന്ന് സംശയിച്ചെന്നും 41 സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോയിലൂടെ സച്ചിൻ കൂട്ടിച്ചേര്‍ത്തു. നന്നായി ഒതുക്കി പാര്‍ക്ക് ചെയ്ത ശേഷം സന്തോഷം കൊണ്ട് സച്ചിന്‍ അലറി വിളിക്കുന്നുണ്ട്.

സച്ചിന്റെ ട്വീറ്റ് മിസ്റ്റര്‍ ഇന്ത്യ നായകന്‍ അനില്‍കപൂറും പങ്കുവച്ചു. മിസ്റ്റര്‍ ഇന്ത്യ എല്ലായ്പോഴും ഒരു പ്രൊഫഷണലിനെ പോലെയാണ് പാര്‍ക്ക് ചെയ്യാറുള്ളത്. ടെക്നോളജി എന്തായാലും സൂപ്പറാണ് എന്നും അനില്‍ കപൂര്‍ ട്വീറ്റില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top