ജില്ലാ ജയിലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

മണിക്കൂറുകളോളം നീണ്ടു നിന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ ജയിലിൽ നിന്നും ജയിൽ അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്കാണ് മാറ്റിയത്. ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതിനെ തുടർന്നാണ് വൈകീട്ട് 6 മണിയോടെ ശ്രീറാമിനെ തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്. എന്നാൽ മുഖത്ത് മാസ്‌കുമായി സ്ട്രച്ചറിൽ കിടന്ന് ആംബുലൻസിലെത്തിയ ശ്രീറാമിനെ ജയിലിനകത്തേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഏറെ നേരത്തേക്ക് തീരുമാനമായില്ല.

Read Also; പലരുടെയും മുഖംമൂടി വലിച്ചു കീറപ്പെട്ടു; ഐഎഎസ്സുകാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടിയേരി

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം ജയിൽ അധികൃതരെ അറിയിച്ചതോടെയാണ് ശ്രീറാമിനെ ജയിലിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം വൈകിയത്. ഇതേ തുടർന്ന് രണ്ട് മണിക്കൂറോളം നേരം ജയിലിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിനുള്ളിൽ ശ്രീറാമിന് കിടക്കേണ്ടിയും വന്നു. ജയിൽ അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിൽ 8 മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലെ സെൽ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

Read Also; ശ്രീറാം വെങ്കിട്ടരാമനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സയിൽ കഴിയുന്നത് വിവാദമായ സാഹചര്യത്തിലാണ് ഇന്ന് ആശുപത്രിയിൽ നിന്നും മാറ്റാൻ നടപടിയുണ്ടായത്. ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയിൽ ഫോൺ അടക്കം ഉപയോഗിക്കാൻ സൗകര്യമൊരുക്കിയത് വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top