ഏഷ്യയില്‍ പുതിയ മിസൈല്‍ വിക്ഷേപണ സംവിധാനം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക

ഏഷ്യയില്‍ പുതിയ മിസൈല്‍ വിക്ഷേപണ സംവിധാനം സ്ഥാപിക്കാനൊരുങ്ങി അമേരിക്ക. പുതുതായി സ്ഥാനമേറ്റ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറാണ് ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് അമേരിക്കയുടെ വിശദീകരണം.

1987ല്‍ റഷ്യയുമായി ഒപ്പുവെച്ച ഇന്റര്‍മീഡിയേറ്റ് റെയ്ഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി അമേരിക്ക രംഗത്തെത്തിയത്. എന്നാല്‍ ഏഷ്യയില്‍ എവിടെയാണ് പുതിയ മിസൈല്‍ വിക്ഷേപണ സംവിധാനം സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കാന്‍ മാര്‍ക്ക് എസ്പര്‍ തയ്യാറായില്ല. മേഖലയിലെ തങ്ങളുടെ സഖ്യ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാമെന്നായിരുന്നു ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എസ്പര്‍ നല്‍കിയ മറുപടി.

ഇന്നലെയാണ് റഷ്യയുമായി ഒപ്പുവെച്ച ഇന്റര്‍മീഡിയേറ്റ് റെയ്ഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയത്. റഷ്യ കരാര്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു കരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top