‘ഈ പൊലീസിനെ തിരുത്തുക തന്നെ വേണം’ : പൊലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം

സംസ്ഥാനം പ്രതീക്ഷിക്കുന്ന നടപടികളല്ല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സിപിഐ മുഖപത്രം. ഈ പൊലീസിനെ തിരുത്തുക തന്നെ വേണമെന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ജനയുഗത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍. എറണാകുളം ലാത്തിച്ചാര്‍ജിന് ഉത്തരവാദിയായ പൊലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതിലെ അമര്‍ഷവും ജനയുഗം മറച്ചുവെക്കുന്നില്ല.
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് നടത്തിയ തുടക്കമുതലുള്ള നീക്കങ്ങള്‍ വിശദമായി പ്രതിപാദിച്ചാണ് ജനയുഗത്തിന്റെ മുഖപ്രസംഗം. കേസ് അട്ടിമറിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗൂഢനീക്കങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ ദാരുണാന്ത്യം പൊലീസിലേയും ഉദ്യോഗസ്ഥമേഖലയിലേയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട പൊലീസിന്റെ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളും നിലപാടകളും പരിശോധിച്ചാല്‍ എന്തൊക്കെയോ കള്ളക്കളി നടന്നുവെന്ന് വ്യക്തമാകും. മാധ്യമങ്ങളുടേയും സര്‍ക്കാരിന്റേയും ശക്തമായ ഇടപെടലുകളാണ് ഇപ്പോഴത്തെ നടപടികളെങ്കിലും സാധ്യമാക്കിയത്.
ചിലരെങ്കിലും കാട്ടിക്കൂട്ടുന്ന കസ്റ്റഡി മരണങ്ങളുടേയും അലംഭാവങ്ങളുടേയും നീതിരഹിതമായ നടപടകളുടെ പേരില്‍ പൊലീസ് സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യം ആത്യന്തികമായി ഭരണത്തിന്റെ സല്‍പേരിനെ ബാധിക്കാനിടയുണ്ട്. നെടുങ്കണ്ടത്തെ കസ്റ്റഡിമരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേള്‍ക്കേണ്ടി വന്ന പഴിക്ക് കണക്കില്ല. നടപടികളിലെ കാലവിളംബം ചിലസംഭവങ്ങളെങ്കിലും ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നുവോ എന്ന സംശയം സ്വാഭാവികമാണെന്നും ജനയുഗം ആരോപിക്കുന്നു. എറണാകുളം ലാത്തിച്ചാര്‍ജിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വൈകുന്നതു ചൂണ്ടിക്കാട്ടിയാണ് ഈ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികളുണ്ടാകണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here