എന്താണ് ആർട്ടിക്കിൾ 35എ,370 ? [24 Explainer]

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 35എ,370 റദ്ദാക്കിയെന്ന പ്രധാനപ്പെട്ട വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രേത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളയുന്നുവെന്ന മന്ത്രിസഭ വിജ്ഞാനപനത്തിൽ രാഷ്ട്രപതി ഒപ്പ് വെച്ചു.
ജമ്മുകശ്മീർ നിയമസഭയുടെ അനുമതി വാങ്ങിക്കൊണ്ടാണ് നടപടി. സംസ്ഥാന സർക്കാർ ഇല്ലാത്തതിനാൽ ഗവർണറുടെ അനുമതിയാണ് വാങ്ങിയത്.

ജമ്മു കശ്മീരിന് പ്രത്യേക പദവികൾ നൽകുന്ന വ്യവസ്ഥ എന്നതിലുപരി എന്താണ് ഈ ആർട്ടിക്കിളെന്നോ അവ വ്യക്തമാക്കുന്നതെന്തെന്നോ അധികമാർക്കും അറിയില്ല. അറിയാം എന്താണ് ആർട്ടിക്കിൾ 35എ, 370 എന്ന്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആർട്ടിക്കിൾ 370.
കശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിളാണ് 35എ. കശ്മീരിലെ സർക്കാർ ജോലി, ഭൂമി ഇടപാടുകൾ, സ്‌കോളർഷിപ്പുകൾ, മറ്റു പൊതു പദ്ധതികൾ എന്നിവയുടെയെല്ലാം ഗുണഭോക്താക്കൾ കശ്മീരികൾ മാത്രമായിരിക്കണമെന്നാണ് ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നത്.

ആർട്ടിക്കിൾ 35എ

1954ൽ ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിർദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35എ ഭരണഘടനയിൽ എഴുതിച്ചേർത്തത്.

ആർട്ടിക്കിൾ 35എ പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനോ സ്‌കോളർഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്.

1911ന് മുമ്പ് ജമ്മു കശ്മീരിൽ ജനിച്ചവരും സ്ഥിര തമാസമാക്കിയവരും പത്ത് വർഷ കാലയളവിനുള്ളിൽ ജമ്മു കശ്മീരിൽ ഭൂമി, വീട് എന്നിവ സ്വന്തമാക്കിയവരും ജമ്മു കശ്മീരിന്റെ ഭാഗമാണെന്ന് കണക്കാക്കി.

നേരത്തെ ജമ്മു കശ്മീരിലന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്ന സ്ത്രീകൾ കശ്മീരിന്റെ ഭാഗമല്ലാതായി മാറുമായിരുന്നു. എന്നാൽ 2002 ൽ ജമ്മു കശ്മീർ ഹൈക്കോടതി സ്ഥിര തമാസക്കാരല്ലാത്തവരുമായി സ്ത്രീകൾ വിവാഹിതരായാൽ അവർക്ക് തങ്ങളുടെ അവകാശം നഷ്ടമാകില്ലെന്ന് വിധിച്ചു. പക്ഷേ ഇവരുടെ കുട്ടികൾക്ക് പിന്തുടർച്ചാ അവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആർട്ടിക്കിൾ 370

ആർട്ടിക്കിൾ 370 ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നുണ്ട്. പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം, എന്നിവയിൽ കേന്ദ്രസർക്കാരിനായിരിക്കും അധികാരമെന്നും ഇതോടൊപ്പം പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top