ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ അപ്പീൽ നൽകും

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. അപ്പീൽ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. നാളെ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കും. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Read Also; അപകടസമയത്ത് മദ്യപിച്ചതിന് തെളിവില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ടാണ് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. വാഹനാപകടക്കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസിനോട് കോടതി ചോദിച്ചിരുന്നു. കെമിക്കൽ ലാബിൽ നിന്നുള്ള രക്തപരിശോധനാ ഫലം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കെമിക്കൽ ലാബിൽ നടത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് വിവരം. അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി ശ്രീറാമിന്റെ രക്തമെടുത്തത്. ഇതാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിർണായക രാസപരിശോധനാഫലം ശ്രീറാമിന് അനുകൂലമാകാനിടയാക്കിയത്.
Read Also; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്റെ കള്ളക്കളിയെന്ന് ചെന്നിത്തല
വാഹനാപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി ആരോപണമുയർന്നിരുന്നെങ്കിലും ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് വൈകിപ്പിക്കുകയായിരുന്നു. ഇത് വിവാദമായതോടെ ഒമ്പത് മണിക്കൂറിനു ശേഷമാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയത്. സമയം വൈകുന്നതിനനുസരിച്ച് രക്തത്തിലെ മദ്യത്തിന്റെ അംശം കുറയുമെന്നിരിക്കെ ശ്രീറാമിനെ സഹായിക്കുന്നതിനായി പൊലീസ് രക്തപരിശോധന വൈകിപ്പിച്ചതാണെന്ന് ആക്ഷേപമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here