അയോധ്യ ഭൂമി തർക്കക്കേസ്; ഉടമസ്ഥാവകാശം തങ്ങൾക്ക് വേണമെന്ന് നിർമോഹി അഖാഡ; ഭൂമിയിൽ മുസ്ലിം സമുദായം പ്രാർത്ഥന നടത്തിയിരുന്നതല്ലേയെന്ന് കോടതി

അയോധ്യ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്ന് പ്രധാന കക്ഷികളിൽ ഒന്നായ നിർമോഹി അഖാഡ സുപ്രീംകോടതിയിൽ. കേസിലെ അന്തിമവാദം ആരംഭിച്ചപ്പോഴാണ് നിർമോഹി അഖാഡ ആവശ്യമുന്നയിച്ചത്. 1934 ന് മുൻപ് തർക്കഭൂമിയിൽ മുസ്‌ലിം സമുദായം ദൈനംദിന പ്രാർത്ഥന നടത്തിയിരുന്നതല്ലേയെന്ന് കോടതി ചോദിച്ചു. അതേസമയം, അന്തിമവാദം തൽസമയം വെബ്കാസ്റ്റിംഗ് നടത്തണമെന്ന ആർ.എസ്.എസിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് തള്ളി.
മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അന്തിമവാദം തുടങ്ങിയത്. നിർമോഹി അഖാഡയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സുശീൽ ജെയിൻ ഹാജരായി. തർക്കത്തിൽ കിടക്കുന്ന രണ്ടേക്കർ എഴുപ്പത്തിയേഴ് സെന്റ് ഭൂമിയുടെ കൈവശാവകാശവും ഉടമസ്ഥതയും നിർമോഹി അഖാഡ ആവശ്യപ്പെട്ടു. രാമജന്മഭൂമി എല്ലായ്പ്പോഴും ഞങ്ങൾക്കുള്ളതാണെന്നും വൈകാരിക വിഷയമാണെന്നും കോടതിയെ അറിയിച്ചു. ദിനവും അവിടെ പൂജ നടത്തുന്നുണ്ട്. രാം ലല്ല അടക്കം സ്ഥിതി ചെയ്യുന്ന അകത്തളം ഇപ്പോൾ കോടതി നിയോഗിച്ച റിസീവറുടെ ഭരണത്തിലാണ്. റിസിവർ ഭരണം നീക്കണമെന്നും ഭൂമി വിട്ടുകിട്ടണമെന്നും നിർമോഹി അഖാഡ ആവശ്യപ്പെട്ടു.
1992 ഡിസംബർ ആറിന് ചില അക്രമികൾ നിർമോഹി അഖാഡയുടെ ക്ഷേത്രങ്ങൾ പൊളിച്ചു. അക്രമികൾ ജാതിയും മതവും ധർമവും ഇല്ലാത്തവർ ആയിരുന്നുവെന്നും നിർമോഹി അഖാഡ ആരോപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here