സഞ്ചാര സാഹിത്യ ശില്‍പി എസ്‌കെ പൊറ്റക്കാടിന്റെ ഓര്‍മകള്‍ക്ക് ഇന്ന് മുപ്പത്തിയേഴ് വയസ്സ്

കഥകളുടെ രാജശില്‍പ്പി എസ്‌കെ പൊറ്റക്കാട് ഓര്‍മ്മയായിട്ട് മുപ്പത്തിയേഴ് വര്‍ഷം. ഓരോ ദേശത്തും തന്റേതായ പുതുമ കണ്ടെത്തിയ എസ്‌കെ 1982 ലാണ് നമ്മെ വിട്ടു പിരിഞ്ഞത്.

യാത്രകളായിരുന്നു എസ് കെ പൊറ്റക്കാടിനു ജീവിതം. കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി അറിഞ്ഞു തുടങ്ങിയത് എസ്‌കെയിലൂടെയായിരുന്നു. മനുഷ്യന്റെ ഉള്ളം കണ്ട കഥാകാരന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

കഥ, കവിത, നോവല്‍, നാടകം, യാത്രാവിവരണം, ലേഖനം തുടങ്ങി നിരവധി എഴുത്തുകള്‍. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍. മണ്ണിന്റെ മണമുള്ള എഴുതുകളിലൂടെ സാധാരണക്കാരന്റെ ഉള്ളം തൊട്ടറിഞ്ഞു. എസ്‌കെ പൊറ്റെക്കാട്ട് എന്ന ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്.

തെരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്തിയ അപൂര്‍വം സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു എസ്‌കെ. 1962 ല്‍ സുകുമാര്‍ അഴീക്കോടിനെ പരാജയപ്പെടുത്തി തലശേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

ഒരു ദേശത്തിന്റെ കഥ, വിഷകന്യക, നാടന്‍ പ്രേമം നിശാഗന്ധി തുടങ്ങി നിരവധി എഴുത്തുകള്‍. നൈല്‍നദിക്കരയും കെയ്‌റോയും ലാഹോറിലെ ഷാലിമാര്‍ തോട്ടങ്ങളും കശ്മീരുമെല്ലാം എസ്കെയുടെ രസകരമായ ഭാഷയിലൂടെ മലയാളി വായിച്ചു. സഞ്ചാര സാഹിത്യത്തിന്റെ കുലപതി ഓര്‍മ്മയായിട്ട് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ സാഹിത്യ ശാഖ ദേശങ്ങള്‍ കടന്ന് വളരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top