ഈസ്റ്റ് ബംഗാളിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ കപിലിനോടൊപ്പം പത്രസമ്മേളനം; മാധ്യമപ്രവർത്തകർ ചോദിച്ചതൊക്കെ കപിലിന്റെ ക്രിക്കറ്റ് ജീവിതം: നിരാശ പ്രകടിപ്പിച്ച് ബൈച്ചുംഗ് ബൂട്ടിയ

ഇന്ത്യൻ ഫുട്ബോളിനെ മാധ്യമപ്രവർത്തകർ തഴയുകയാണെന്ന് മുൻ ദേശീയ താരവും ഇന്ത്യൻ ഫുട്ബോളിൻ്റെ വഴികാട്ടിയുമായ ബൈച്ചുംഗ് ബൂട്ടിയ. ഈസ്റ്റ് ബംഗാൾ 100 വർഷത്തിലേക്ക് കടന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ബൂട്ടിയയുടെ പ്രസ്താവന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തൻ്റെ നിരാശ പ്രകടിപ്പിച്ചത്.
ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽ ദേവ് എന്നിവർക്കൊപ്പമായിരുന്നു ബൂട്ടിയയുടെ പത്രസമ്മേളനം. ‘മാധ്യമങ്ങൾ ഈസ്റ്റ് ബംഗാളിനെപ്പറ്റിയും ക്ലബുമായി ഞങ്ങൾക്കുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയുമൊക്കെയാണ് ചോദിക്കേണ്ടിയിരുന്നത്. പക്ഷേ, അവർ ചോദിച്ചത് കപിൽ സാറിനോട് ക്രിക്കറ്റിലെ പുതിയ വിവാദങ്ങളെയൊക്കെ പറ്റിയാണ്. എന്നിട്ടാണ് ക്രിക്കറ്റ് മറ്റു ഗെയിമുകളെ വളരാൻ അനുവദിക്കുന്നില്ലെന്ന് അവർ പറയുന്നത്’- ബൂട്ടിയ കുറിച്ചു.
കിഴക്കന്‍ ബംഗാളിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് 1920 ഓഗസ്‌റ്റ് ഒന്നിന് സുരേഷ് ചൗധരിയാണ് ഈസ്റ്റ് ബംഗാൾ ആരംഭിച്ചത്. പിന്നീട് ബംഗാള്‍ ഒന്നടങ്കം ക്ലബിനെ ഏറ്റെടുത്തു. 99-ാം ജന്മദിനവും ജന്മശതാബ്‌ദി ആഘോഷങ്ങളുടെ തുടക്കവും അതിഗംഭീരമായാണ് ക്ലബ് അധികൃതരും ആരാധകരും കൊണ്ടാടിയത്. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യക്ക് ആദ്യ ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച നായകന്‍ കപില്‍ ദേവിന് തങ്ങളുടെ ഏറ്റവും വലിയ ബഹുമതിയായ ഭാരത് ഗൗരവ് നല്‍കി ഈസ്‌റ്റ് ബംഗാള്‍ ആദരിച്ചു.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഭാസ്‌കര്‍ ഗാംഗുലി, മനോരഞ്‌ജന്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഐക്കണ്‍ താരങ്ങളായിരുന്ന ബൈച്ചുങ് ബൂട്ടിയ, പി.കെ. ബാനര്‍ജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ സുനില്‍ ഛേത്രി, ഈസ്‌റ്റ് ബംഗാളിന്റെ പഴയകാല താരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here