സെമി ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ സർവീസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. റെയിൽ പാതയ്ക്കായി സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്റിനുമാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ടപാതയ്ക്ക് പുറമെ മൂന്നും നാലും പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ മണിക്കൂറിൽ ശരാശരി 180 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും.
തിരുവനന്തപുരത്തു നിന്നും ഒന്നരമണിക്കൂറിൽ എറണാകുളത്തേക്കും നാലു മണിക്കൂറിനുള്ളിൽ കാസർകോടും എത്താൻ കഴിയും. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള പുനർനിർമാണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ പട്ടികയിലുള്ള റോഡുകളുടെ പുനർനിർമാണത്തിനായി മുന്നൂറു കോടി രൂപ വികസനനയ വായ്പയിൽ നിന്നും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പുനർനിർമാണത്തിന് 448 കോടി രൂപ ഈ സാമ്പത്തികവർഷം അനുവദിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here