Advertisement

കോഴിക്കോട് മരുതിലാവിൽ ഉരുൾപൊട്ടൽ; തഹസിൽദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

August 8, 2019
Google News 0 minutes Read

കോഴിക്കോട് ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസിൽദാർ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സും പൂനൂർ ഹെൽത്ത് കെയറിലെ സന്നദ്ധ പ്രവർത്തകരുമുണ്ടായിരുന്നു.

ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുൾപൊട്ടലുണ്ടായത്. ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോൾ രക്ഷാപ്രവർത്തനെത്തിയ സംഘം ഓടിമാറിയതു കൊണ്ടാണ് അപകടമൊഴിവായത്. മാറ്റാൻ ശ്രമിച്ച കുടുംബങ്ങൾ സുരക്ഷിതരായി അവരുടെ വീടുകളിൽ തന്നെയാണുള്ളത്. തഹസിൽദാറെ കൂടാതെ ഡെപ്യൂട്ടി തഹസിൽദാർ വി ശ്രീധരൻ, വിഎഫ്എ എം ശിഹാബ്, ഡ്രൈവർ അബ്ദുൾ റഷീദ് എന്നിവരായിരുന്നു റവന്യൂ സംഘത്തിലുണ്ടായിരുന്നത്.

അതിനിടെ വയനാട് മുട്ടിലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു. കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇരുവരും വീടിനകത്തായിരുന്നു. ഈ സമയം വീടിന് പുറത്തായിരുന്ന പ്രീതുവിന്റെ അച്ഛനും അമ്മയും ഉരുൾ പൊട്ടുന്ന ശബ്ദം കേട്ട് പുറത്തേക്കോടി. ഇവർ താഴെയെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ആറ് മണിയോടെയാണ് മഹേഷിനെയും പ്രീതയെയും പുറത്തെത്തിച്ചത്. ഇവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. ഇടുക്കി ജില്ലയിൽ മാത്രം 3 പേരാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞ് വീണ് ഒരു വയസുള്ള കുട്ടി മരിച്ചു. കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനിയാണ് മരിച്ച മറ്റൊരാൾ. മറയൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here