ദേശീയ ചലച്ചിത്ര അവാർഡ്; ജോജു ജോർജിന് പ്രത്യേക ജൂറി പരാമർശം

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജോസഫിലെ അഭിനയത്തിന് ജോജു ജോർജിന് പ്രത്യേക ജൂറി പരാമർശം. ജോസഫിലെ അഭിനയത്തിന് ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.
ജോസഫ് എന്ന ചിത്രത്തിലെ ജോജുവിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്. സമകാലിക പ്രാധാന്യമുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയവും കഥയും ഒത്തുചേർന്നപ്പോൾ പ്രേക്ഷകർക്ക് അതൊരു മികച്ച ദൃശ്യാനുഭവമായി. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജൂനിയർ ആർട്ടിസ്റ്റായി മാത്രം ഒതുങ്ങിയ ജോജുവിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ജോസഫിലെ പൊലീസ് ഉദ്യോഗസ്ഥൻ. 1991 ൽ സംവിധാന സഹായിയായിട്ടാണ് ജോജു സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദൻ തോട്ടം , ഉദാഹരണം സുജാത തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ചോല. ഇതിൽ നായക കഥാപാത്രയെയാണ് ജോജു അവതരിപ്പിക്കുന്നത്.
മികച്ച നടിയായി കീർത്തി സുരേഷാണ് തെരഞ്ഞെടുക്കപ്പെട്ടത്. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തി പുരസ്‌കാരത്തിന് അർഹയായത്. അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തെരഞ്ഞെടുത്തു. ഉറി സിനിമ ഒരുക്കിയ ആദിത്യഥർ ആണ് മികച്ച സംവിധായകൻ.
നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരനും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് നടി സാവിത്രിക്കും പ്രത്യേക പരാമർശം ലഭിച്ചു. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെ മികച്ച ഛായാഗ്രാഹകനായി തെരഞ്ഞെടുത്തു.
മികച്ച മലയാള ചിത്രം- സുഡാനി ഫ്രെം നൈജീരിയ
മികച്ച തെലുങ്ക് ചിത്രം- മഹാനടി
മികച്ച ഹിന്ദി ചിത്രം- അന്ധാഥുൻ
മികച്ച സംഗീത സംവിധായകൻ- സഞ്ജയ് ലീല ബൻസാലി (പത്മാവത്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- കമ്മാരസംഭവം (വിനീഷ് ബംഗ്ലാൻ)
മികച്ച സഹനടി- സുരേഖ സിക്രി (ബദായ് ഹോ)
മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം- പാഡ്മാൻ
ജനപ്രിയ ചിത്രം-ബദായ് ഹോ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here