ശക്തമായി ഒഴുകുന്ന പുഴയ്ക്കു കുറുകെ കയറിൽ തൂങ്ങി ഗർഭിണി; അതിസാഹസികമായ രക്ഷപെടുത്തൽ; വീഡിയോ

പാലക്കാട് അഗളിയിൽ ആദിവാസി ഊരിൽ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ എട്ട് പേരെ രക്ഷപ്പെടുത്തി. കനത്ത ഒഴുക്കുള്ള പുഴയ്ക്ക് കുറുകെ കയർ കെട്ടി അതിസാഹസികമായാണ് ഗർഭിണിയെ മറുകരയിൽ എത്തിച്ചത്. എട്ട് മാസം ഗർഭിണിയായ ലാവണ്യയെയാണ് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചത്. ലാവണ്യയുടെ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെയും ഇത്തരത്തിൽ രക്ഷപ്പെടുത്തി. ഗർഭിണിയേയും കുഞ്ഞിനേയും സുരക്ഷിത സ്ഥലത്ത് എത്തിച്ച രക്ഷാപ്രവർത്തകർക്ക് ബിഗ് സല്യൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ.
ഉരുൾപൊട്ടലും പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതുമാണ് അഗളിയിൽ പ്രതിസന്ധിക്കിടയാക്കിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ അഗളിയിൽ ലാവണ്യ ഉൾപ്പെടെ കുടുംബാംഗങ്ങൾ കുടുങ്ങിപ്പോകുകയായിരുന്നു. ലാവണ്യയുടെ ബന്ധുക്കളെ ആദ്യം സുരക്ഷിത സ്ഥലത്ത് എത്തിച്ചു. കുഞ്ഞിനെ അച്ഛനൊപ്പം കയറിൽ കെട്ടി മറുകരയിൽ എത്തിക്കുകയായിരുന്നു. മറുകരയിൽ എത്തിച്ച ഉടൻ കുഞ്ഞിനെ ബന്ധുക്കൾ ഏറ്റുവാങ്ങി. സ്ഥലത്ത് ഉണ്ടായിരുന്ന ഡോക്ടർമാർ കുട്ടിയെ പരിശോധിച്ച് ആരോഗ്യനില തിട്ടപ്പെടുത്തി.
ഇതിന് പിന്നാലെയാണ് ലാവണ്യയെ കയറിൽ കെട്ടി മറുകരയിലേക്ക് അയച്ചത്. ഉൾഭയമില്ലാതെ സധൈര്യമാണ് ലാവണ്യ പ്രതിസന്ധിയെ മറികടന്നത്. താഴെ ശക്തമായി ഒഴുകുന്ന പുഴയ്ക്ക് കുറുകെ ആ അമ്മ സുരക്ഷിതമായി മറുകരയിൽ എത്തി. തികച്ചും ആകാംക്ഷയും നെഞ്ചിടിപ്പും ഉയർന്ന നിമിഷമായിരുന്നു അത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here