ഇതെന്തൊരു ദേശീയ ചലച്ചിത്ര പുരസ്കാരം?

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ പുരസ്കാര പ്രഖ്യാപനം ആർക്കൊക്കെയോ വേണ്ടി മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രഹസനമായി മാത്രമേ തോന്നിയുള്ളൂ. തമിഴ് സിനിമയെ പാടേ അവഗണിച്ച ജൂറി, ദേശീയതയ്ക്ക് പുരസ്കാരം നൽകാൻ ശ്രദ്ധിക്കുകയും ചെയ്തു. ‘ഉറി; ദി സർജിക്കൽ സ്ട്രൈക്കും’ ‘അന്ധാദുനും’ ‘മഹാനടിയും’ മികച്ച സിനിമകളാണ്. കീർത്തിയും വിക്കി കൗശലും ആയുഷ്മാൻ ഖുറാനയും-വിശേഷിച്ചും ആയുഷ്മാൻ- നല്ല പ്രകടനം നടത്തുകയും ചെയ്തു. പക്ഷേ, അതിനെക്കാളൊക്കെ നല്ല സിനിമകളും നല്ല അഭിനേതാക്കളും പിന്തള്ളപ്പെട്ടു എന്നതാണ് യാഥാ‍‍ർത്ഥ്യം.

തമിഴ് സിനിമകൾ മാത്രം എടുത്താൽ വട ചെന്നൈ, പരിയേറും പെരുമാൾ, പേരൻപ് എന്നീ സിനിമകൾ സംശയലേശമന്യേ പുരസ്കാരാർഹമായവകളാണ്. ഇതിൽ തന്നെ പരിയേറും പെരുമാൾ ജൂറി തഴഞ്ഞതാണ് ഏറെ അതിശയിപ്പിച്ചത്. കതിറിൻ്റെ കരിയർ ബെസ്റ്റ് പ്രകടനവും അതിനൊക്കെ ഒരുപിടി മുകളിൽ സംവിധായകൻ മാരി സെൽവരാജിൻ്റെ ശക്തമായ രാഷ്ട്രീയവും പരിയേറും പെരുമാളിനെ കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാക്കിയിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരം എത്തേണ്ടിയിരുന്നത് മാരിയുടെ കൈകളിൽ തന്നെയാണ്. പക്ഷേ, അതെത്തിയത് ‘ഉറി’ സംവിധായകൻ ആദിത്യ ഥറിൻ്റെ കൈകളിലും.

വട ചെന്നൈ, പേരൻപ് എന്നീ രണ്ട് സിനിമകളും സ്വന്തം അസ്തിത്വത്തിൽ നിലകൊള്ളുകയും പൊളിറ്റിക്കലി കരുത്താർജിച്ച ചില ചിന്തകൾ മുന്നോട്ടു വെക്കുകയും ചെയ്യുന്നുണ്ട്. രണ്ട് തരത്തിലുള്ള ട്രീറ്റ്മെൻ്റാണെങ്കിലും റാമും വെട്രിമാരനും സംവദിക്കാനാഗ്രഹിച്ചത് സമൂഹത്തിലെ പാ‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളാണ്.

ധനുഷിനും മമ്മൂട്ടിയ്ക്കും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹതയുണ്ടായിരുന്നെങ്കിലും, പരാമശിക്കാനുള്ളത് സാധനയെപ്പറ്റിയാണ്. മികച്ച നടിക്കുള്ള പുരസ്കാരം സാധന ഏറ്റുവാങ്ങേണ്ടിയിരുന്നു. കീർത്തി സുരേഷ് മഹാനടി എന്ന സിനിമയിൽ കാഴ്ച വച്ചത് വളരെ മികച്ച പ്രകടനമാണ്. സാവിത്രിയെ മനോഹരമായി വെള്ളിത്തിരയിലെത്തിച്ച കീർത്തി, തനിക്ക് അഭിനയിക്കാനറിയാം എന്ന വിളംബരത്തോടെയാണ് മഹാനടി അവസാനിപ്പിച്ചത്. കീർത്തിയുടെ കരിയർ ബെസ്റ്റ്. പക്ഷേ, പേരൻപിലെ പാപ്പയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ സാധനയെക്കാൾ നല്ല പ്രകടനം, കീർത്തിയെന്നല്ല കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ മറ്റാരും നടത്തിയെന്ന് തോന്നുന്നില്ല. മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് സിംഗിൻ്റെ ‘ഹർജീത’ കണ്ടിട്ടില്ല. സിനിമയും സന്ദീപും പേരൻപിനെക്കാൾ, സാധനയെക്കാൾ മികച്ചതാണെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ വർഷം ബോളിവുഡിലും ചില മികച്ച സിനിമകൾ പിറവി കൊണ്ടിരുന്നു. നന്ദിത ദാസ് സംവിധാനം ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി അഭിനയിച്ച മാൻ്റോ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സിനിമയായിരുന്നു. നവാസുദ്ദീൻ സിദ്ദീഖിയുടെ അഭിനയവും നന്ദിത ദാസിൻ്റെ സംവിധാനവും പരിഗണിക്കപ്പെടുക പൊലും ചെയ്തില്ല എന്നത് ജൂറിയുടെ പക്ഷപാതിത്തം വിളിച്ചോതുന്നു. ലസ്റ്റ് സ്റ്റോറീസ്, പതാക തുടങ്ങിയ ശ്രദ്ധേയ സിനിമകളും മാറ്റി നിർത്തപ്പെട്ടു.

‘ഉറി; ദി സർജിക്കൽ സ്ട്രൈക്ക്’ എന്ന സിനിമയെ പുരസ്കാരത്തിനായി പരി​ഗണിക്കാൻ പ്രചോദനമായത് ഉത്തരേന്ത്യയിൽ ചിത്രത്തിനു ലഭിച്ച ജനപ്രീതിയാണെന്നാണ് ജൂറി അംഗം മേജർ രവി പറഞ്ഞത്. ആ മറുപടിയിലും പ്രഹസനത്തിൻ്റെ ഏച്ചുകെട്ടലുകൾ കാണാം. ജനപ്രീതിയാർജിച്ച സിനിമകൾക്ക് പുരസ്കാരം നൽകി എന്നൊക്കെ പറയുന്നത് തന്നെ കബളിപ്പിക്കലാണല്ലോ. തന്നെയുമല്ല, ജനപ്രീതിയാർജിച്ച ചിത്രത്തിനുള്ള പുരസ്കാരം ‘ബധായി ഹോ’ എന്ന സിനിമയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്. വീണ്ടും ജനപ്രീതിയോ?

ഏച്ചുകെട്ട്: മറ്റൊന്നുണ്ട്, നോൺ ഫീച്ചർ വിഭാഗത്തിൽ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ‘ചലോ ജീതേ ഹെ’ ആണ്. ചിത്രം പറയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാലവും!


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top