കണ്ണൂർ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; ജില്ലയിൽ ഇന്ന് മാത്രം മരിച്ചത് മൂന്ന് പേർ

കണ്ണൂർ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. വെള്ളം കയറിയ മേഖലകളിൽ ജലനിരപ്പ് താഴ്ന്നു. എന്നാൽ വെള്ളക്കെട്ടിൽ വീണ് പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് പേർ ഇന്ന് മരിച്ചു.
കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസം വെള്ളം കയറിയ ശ്രീകണ്ഠാപുരം, ചെങ്ങളായി, ഇരിക്കൂർ, ഇരിട്ടി, പേരട്ട തുടങ്ങിയ മേഖലകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാൽ നിരവധി ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലുമായി തുടരുകയാണ്. ജില്ലയില്‍ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി 9743 പേരാണ് കഴിയുന്നത്.
അതിനിടെ വെള്ളക്കെട്ടിൽ വീണ് ഇന്ന് ജില്ലയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. തലശ്ശേരി പുന്നോലിലെ നിധിന്റെ രണ്ടുവയസ്സുള്ള മകന്‍ ആര്‍ബിന്‍, ഇരിട്ടി കാലാങ്കീല്‍ സ്വദേശി പുളിമൂട്ടില്‍ ദേവസ്യ, പയ്യന്നൂര്‍ കോറോം സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കാലവര്‍ഷക്കെടുതിയിൽ കണ്ണൂർ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി. വെള്ളക്കെട്ട് പൂർണ്ണമായും മാറാത്തതിനാൽ റോഡ് ഗതാഗതം പലയിടത്തും താറുമാറായിരിക്കുകയാണ്. മിക്കയിടത്തും വൈദ്യുതിയുമില്ല. മൊബൈൽ നെറ്റ് വർക്ക് സംവിധാനം പലയിടത്തും തടസ്സപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here