ഉരുൾപൊട്ടൽ; പുത്തുമലയിലും കവളപ്പാറയിലും മരണസംഖ്യ ഉയരുന്നു; ഇന്ന് കണ്ടെത്തിയത് നാല് മൃതദേഹങ്ങൾ

വയനാട് മേപ്പാടി പുത്തുമലയിൽ കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി. മഴയ്ക്ക് ശമനമായതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. രക്ഷാപ്രവർന്നത്തിനിടെ മണ്ണിനടിയിൽപ്പെട്ട ഒരു അലമാര തകർന്നനിലയിൽ കണ്ടെത്തി. ഇതിൽ നിന്നും പണവും മറ്റും ലഭിച്ചു.
അതിനിടെ മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഇന്ന് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന് സൈ്യമിറങ്ങിയിട്ടുണ്ട്. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് 50 അടിയോളം ഉയരത്തിൽ മണ്ണു നിറഞ്ഞു കിടക്കുന്നുണ്ട്. ദുരന്തനിവാരണസേനയും സന്നദ്ധ പ്രവർത്തകരും കവളപ്പാറയിൽ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി മഴ മാറി നിന്നത് തിരച്ചിൽ നടത്തുന്നവർക്ക് ആശ്വാസമാകുന്നുണ്ട്.
കവളപ്പാറയിൽ നാൽപത്താറോളം വീടുകളാണ് മണ്ണിനടിയിൽ പെട്ടുപോയത്. വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാത്ത രീതിയിലാണ് മണ്ണു നിറഞ്ഞത്. അമ്പതടിയോളം ആഴത്തിൽ മണ്ണ് ഇളക്കി നീക്കിയാൽ മാത്രമേ ഉള്ളിൽ കുടുങ്ങിയവെ കണ്ടെത്താനാകൂ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ശ്രമകരമായ ജോലിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here