Advertisement

വരും വർഷങ്ങളിലും അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠനം

August 11, 2019
Google News 0 minutes Read

വരും വർഷങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് പഠനം. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയിലും ഇത് സംഭവിക്കാമെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ ആരതി മേനോന്‍ പറയുന്നു. ഇതിനു പ്രധാനകാരണം ആഗോള താപനം ആണെന്നാണ് പ്രാഥമിക നിഗമനം. ഇക്കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നും അവര്‍ പറഞ്ഞു.

ഒരു ന്യൂനമര്‍ദംകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി വടക്കൻ കേരളത്തിൽ മഴ ശക്തമാകും. മൂന്നുനാലു മാസങ്ങള്‍കൊണ്ട് പെയ്യേണ്ട മഴ കുറഞ്ഞ ദിവസങ്ങളില്‍ പെയ്യുന്നതാണ് മിന്നല്‍ പ്രളയത്തിന് കാരണം. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന തീവ്ര ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാക്കും. ഇതുമൂലം അറബിക്കടലിന്റെ ഉപരിതലത്തിലുള്ള നീരാവി പശ്ചിമഘട്ടത്തിലെത്തും. ഇതാണ് പശ്ചിമഘട്ടത്തിനു തൊട്ടു പടിഞ്ഞാറ് തീവ്രമഴ പെയ്യാന്‍ കാരണം. ഇപ്പോഴുള്ള ന്യൂനമര്‍ദം ഗുജറാത്ത്, രാജസ്ഥാന്‍ തീരത്തെത്തിക്കഴിഞ്ഞതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയും.

വിവിധ കാലാവസ്ഥാ മാതൃകകളില്‍ ആഗോള താപനം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്നു ലഭിച്ച പ്രാഥമിക നിഗമനമാണ് വരും കൊല്ലങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് ആധാരമെന്ന് ആരതി പറഞ്ഞു.

ബ്രിട്ടീഷുകാരനായ കിരേന്‍ ഹണ്ടുമായി ചേര്‍ന്ന് 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ കുറിച്ചുളള ഗവേഷണത്തിലാണ് ആരതി. ഇപ്പോഴത്തെ അന്തരീക്ഷ സാഹചര്യത്തില്‍ 20 വര്‍ഷത്തിനുശേഷമുള്ള ആഗോളതാപനം ഉള്‍ച്ചേര്‍ത്ത് പരീക്ഷണം നടത്തിയിരുന്നു. അതിതീവ്ര മഴയുണ്ടാകുമെന്നാണ് ലഭിച്ച ഫലം. കൂടുതല്‍ വര്‍ഷങ്ങളിലെ ന്യൂനമര്‍ദങ്ങളെയും അതിനോടനുബന്ധിച്ച തീവ്രമഴയെയും നിരീക്ഷിച്ചാലേ ആഗോള താപനമാണ് പ്രളയത്തിന്റെ പ്രധാന കാരണമെന്ന് ഉറപ്പിക്കാനാകൂ എന്ന് ആരതി പറഞ്ഞു.

ഇന്ത്യന്‍ മണ്‍സൂണിനെ പറ്റിയുള്ള തന്റെ ഗവേഷണത്തെപ്പറ്റി 2017 മാര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട് ഡോ. ആരതി മേനോന്‍. ബ്രിട്ടനും ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ഗവേഷണ പദ്ധതിയിലെ ഗവേഷകയാണ് എറണാകുളം കളമശ്ശേരിക്കാരിയായ ആരതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here