ചൈനയില്‍ ആഞ്ഞടിച്ച് ലെകിമ ചുഴലിക്കാറ്റ്

ചൈനയില്‍ ആഞ്ഞടിച്ച് ലെകിമ ചുഴലിക്കാറ്റ്. കാറ്റിലും പ്രളയത്തിലും 28 പേര്‍ മരിച്ചു. പത്ത് ലക്ഷത്തിലേറെ പേരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. കാറ്റിന്റെ ശക്തികുറഞ്ഞു വരുന്നതായാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
തായ് വാനും ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിക്കും ഇടയിലുള്ള വെന്‍ലിങ്ങിലാണ് ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. ഇവിടെ നൂറുകണക്കിനു വീടുകള്‍ തകരുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. വെന്‍സൗ മേഖലയില്‍ മണ്ണിടിച്ചില്‍ കൂടി ശക്തമായതോടെ പ്രദേശത്തെ മുഴുവന്‍ പേരെയും മാറ്റി താമസിപ്പിച്ചു. പത്ത് ലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ പുനരധിവാസ കേന്ദ്രങ്ങളിലാണ്. വെന്‍സൗവിലെ നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയര്‍ന്നതും ഭീതി പരത്തി.
നിലവില്‍ ഷെജിയാങ്ങ് പ്രവശ്യയില്‍ നിന്ന് പിന്‍വാങ്ങുന്ന ലെക്കിമ ഷാങ്ങ്ഹായി നഗരത്തിലേക്കെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷരുടെ മുന്നറിയിപ്പ്. രണ്ട് കോടിയിലേറെ പേര്‍ വസിക്കുന്ന ഷാങ്ഹായിയില്‍ ഇതിനോടകം തന്നെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്നുണ്ട്. മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മരങ്ങള്‍ കടപുഴകി വീണതോടെ മിക്ക ഇടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലെ വിമാനട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചു. 1000 വിമാന സര്‍വീസുകളാണ് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here