അമ്രപാലി ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

അമ്രപാലി ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകള്‍ അതിന്റെ ഉടമകള്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ നോയിഡ, ഗ്രേറ്റര്‍ നോയിഡ മുനിസിപ്പല്‍ അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം.
സുപ്രീംകോടതിയെ കടലാസുപുലിയായി കാണരുതെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ജയിലില്‍ അയക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കള്ളപ്പണ ഇടപാട് അടക്കം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വന്‍കിട കെട്ടിട നിര്‍മാതാക്കളായ അമ്രപാലി ഗ്രൂപ്പിന്റെ രജിസ്ട്രേഷന്‍ കോടതി റദ്ദാക്കിയിരുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ദേശീയ കെട്ടിട നിര്‍മാണ കോര്‍പ്പറേഷനും നിര്‍ദേശം നല്‍കിയിരുന്നു.
ഹൗസിംഗ് പ്രോജക്ടുകളുടെ ഭാഗമായി നിരവധി ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങിയ അമ്രപാലി ഗ്രൂപ്പ് ഇതുവരെ വീടുകളുടെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. വാഗ്ദാനം ചെയ്ത തീയതിക്ക് ഫ്ളാറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പണം മുടക്കിയവര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജി പരിഗണിച്ച് കോടതി മുന്‍പും നിലപാട് വ്യക്തമാക്കിയിരുന്നു.
പൂര്‍ത്തിയാകാത്ത ഹൗസിംഗ് പ്രോജക്ടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനുവേണ്ട 4000 കോടി രൂപ എങ്ങനെ സമാഹരിക്കുമെന്നതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമ്രപാലിയോടു സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കോടതിയോടു കളിക്കാന്‍ നില്‍ക്കരുതെന്നും കളിച്ചാല്‍ നിങ്ങള്‍ കിടപ്പാടമില്ലാത്തവരായി മാറുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.
ഫ്ളാറ്റ് വാങ്ങാന്‍ ഉപഭോക്താക്കള്‍ നല്‍കിയ 3,500 കോടി രൂപ കമ്പനി മറ്റ് പദ്ധതികള്‍ക്കായി വകമാറി ചെലവഴിച്ചതായി കോടതി നിയമിച്ച രണ്ട് ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് മെയ് രണ്ടിന് സമര്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here