‘ഈ സ്‌നേഹത്തിന് മുന്നിലാണ് തോറ്റുപോകുന്നത്, നിങ്ങളാണെന്റെ ഊർജം’; മനസിൽ തൊട്ട അനുഭവം പങ്കുവെച്ച് കളക്ടർ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നവരാണ് കളക്ടർമാർ. അത്തരത്തിൽ കൈയടി നേടിയ ആളാണ് എറണാകുളം കളക്ടർ എസ് സുഹാസ്. കഴിഞ്ഞ ദിവസം എരണാകുളത്തെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് കളക്ടർ. ഹൃദയത്തിൽ തൊട്ടതുകൊണ്ടാണ് ഇത് ജനങ്ങളുമായി പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഏലൂരിലെ എഫ്എസിടി ടൗൺഷിപ് സ്‌കൂളിലെ ക്യാമ്പിലായിരുന്നു സംഭവം. ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും താൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചതെന്ന് സുഹാസ് പറയുന്നു. ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി. ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞ് ഒരു ചേച്ചി ഭക്ഷണവുമായി എത്തിയെന്നും സുഹാസ് പറയുന്നു.
ഈ സ്‌നേഹത്തിന് മുന്നിലാണ് തോറ്റുപോകുന്നതെന്നും ഈ സ്‌നേഹമാണ് തന്റെ ഊർജമെന്നും സുഹാസ് പറഞ്ഞുവയ്ക്കുന്നു. മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി താനും കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് കളക്ടർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ സ്‌നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊർജം .
ഏകദേശം മൂന്നു മണിയോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലയിലെ തന്നെ വലിയ ക്യാമ്പുകളിൽ ഒന്നായ ഏലൂരിലെ എഫ്എസിടി ടൗൺഷിപ് സ്‌കൂളിൽ എത്തിയത് . വില്ലജ് ഓഫീസറുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് ഇവിടെ നൽകുന്നതെന്ന് മനസിലാക്കി.
ക്യാമ്പിലുള്ളവരോടെല്ലാം സംസാരിക്കുവാനും സൗകര്യങ്ങെളെപ്പറ്റി അന്വേഷിക്കാനും ശ്രമിച്ചപ്പോളാണ് ഈ വിഷമങ്ങൾക്കിടയിലും ഞാൻ ഭക്ഷണം കഴിച്ചോ എന്ന് ഒരമ്മ ചോദിച്ചത് , ഇല്ലാ എന്ന് കൂടെയുള്ള സ്റ്റാഫ് പറഞ്ഞതും ഭക്ഷണം കഴിച്ചിട്ട് പോകാമെന്നായി , ആ സമയം കൊണ്ട് ഒരു ക്യാമ്പുകൂടി സന്ദർശിക്കാമെന്നു പറഞ്ഞപ്പോൾ ഇങ്ങനെ ഓടി നടക്കാൻ ഭക്ഷണം വേണം എന്ന് പറഞ്ഞു ഒരു ചേച്ചി ഭക്ഷണവുമായി എത്തി. ഈ സ്‌നേഹത്തിനു മുൻപിലാണ് നമ്മൾ തോറ്റുപോകുന്നത്, ഈ സ്‌നേഹമാണെന്റെ ഊർജം . ഈ സ്‌നേഹം നിങ്ങളോടു പങ്കുവെച്ചില്ലെങ്കിൽ മര്യാദ അല്ല എന്ന് തോന്നി.
മഴയൊന്നു മാറി ഇവർ സ്വന്തം വീടുകളിൽ എത്തി സമാധാനമായി ഉറങ്ങുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here